മോഷ്ടിച്ച ടിപ്പര്‍ ലോറിയെ പിന്തുടര്‍ന്ന് പിടികൂടി എലത്തൂര്‍ പൊലീസ്; സിനിമയെ വെല്ലുന്ന ചേസിങ്ങിന്റെ എക്സ്‌ക്ലൂസിവ് ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


എലത്തൂര്‍: മോഷ്ടിച്ച ടിപ്പര്‍ ലോറിയുമായി കടന്നു കളഞ്ഞ മോഷ്ടാക്കളെ എലത്തൂര്‍ പൊലീസ് സാഹസികമായി പിടികൂടി. എലത്തൂര്‍ മാട്ടുവയല്‍കുനി സ്വദേശി അബ്ബാസിനെയും (20) ആച്ചിയാര്‍കോളനി നാല്കൂടി പറമ്പ് നിധീഷിനെയുമാണ് (22) പൊലീസ് പിടികൂടിയത്. അമിത വേഗതയില്‍ ലോറി ഓടിച്ച് നിരവധി വാഹനങ്ങളെ ഇടിക്കുകയും ആളുകളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ഇയാളെ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്നാണ് എലത്തൂര്‍ പൊലീസ് പിടികൂടിയത്.

രാവിലെ മലാപ്പറമ്പ് ഭാഗത്ത് നിന്നാണ് ഇവര്‍ ലോറി മോഷ്ടിച്ചത്. പിന്നീട് എലത്തൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുമ്പോള്‍ അമിത വേഗത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊലീസ് കൈകാണിച്ചെങ്കിലും ഇവര്‍ നിര്‍ത്തിയില്ല. ഉടന്‍ തന്നെ എലത്തൂര്‍ സ്റ്റേഷനിലെ പൊലീസ് സംഘം ലോറിയെ പിന്തുടര്‍ന്നു.

വണ്ടിപ്പേട്ട ഭാഗത്ത് എത്തിയ പ്രതികള്‍ ലോറി ബിലാത്തിക്കുളം ക്ഷേത്രത്തിലെ ദീപസ്തംഭത്തിലേക്ക് ഇടിച്ച് കയറ്റി. പിന്നീട് ലോറിയുമായി മുമ്പോട്ട് പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രണ്ടുപേരും ഇറങ്ങിയോടിയെങ്കിലും പൊലീസ് സംഘം പിന്നാലെയെത്തി പിടികൂടുകയായിരുന്നു.

എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ രാജേഷ് കുമാര്‍ കെ.ആര്‍, അഡീഷണല്‍ എസ്.ഐ രാജീവ്. കെ, സി.പി.ഒ സുജിത്, സി.പി.ഒ സുബീഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. സി.പി.ഒ സുബീഷാണ് അതിസാഹസികമായി പൊലീസ് ജീപ്പ് ഓടിച്ച് ടിപ്പര്‍ ലോറിയെ പിന്തുടര്‍ന്നത്.

പൊലീസ് സംഘം പ്രതികളുടെ വാഹനത്തെ പിന്തുടരുന്നതിന്റെയും പിടികൂടുന്നതിന്റെയും ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. പിടികൂടിയ ശേഷം പ്രതികളെ ചേവായൂര്‍ പൊലീസിന് കൈമാറി. പ്രതികള്‍ മുമ്പും മോഷണക്കുറ്റത്തിന് പിടിയിലായിട്ടുണ്ടെന്ന് ചേവായൂര്‍ പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇരുവരെയും ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

വീഡിയോ കാണാം: