മോഷ്ടിച്ച കാറുമായി കുപ്രസിദ്ധ മോഷ്ടാവ് കൊയിലാണ്ടിയിൽ വെച്ച് പിടിയിൽ


കൊയിലാണ്ടി: കരിപ്പൂര്‍ കൊണ്ടോട്ടിയിലെ കാര്‍ ഷോറൂമില്‍ നിന്ന് മോഷ്ടിച്ച കാറുമായി കറങ്ങി മോഷണം പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് കൊയിലാണ്ടിയിൽ വെച്ച് അറസ്റ്റില്‍. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി എ.പി.മുജീബിനെയാണ് (33) എടച്ചേരി സിഐ വിനോദ് വലിയാറ്റൂര്‍ അറസ്റ്റ് ചെയ്തത്.

2020 ഒക്ടോബര്‍ 12 ന് കരിപ്പൂര്‍ കുളത്തൂര്‍ നീറ്റാണീമ്മലിലെ മാരുതി പോപ്പുലര്‍ ഷോറൂമിന്റെ ഷട്ടര്‍ അറുത്ത് മാറ്റി കവര്‍ച്ച് ചെയ്ത ആറ് ലക്ഷത്തില്‍ പരം രൂപയുടെ ഓട്ടോമാറ്റിക്ക് വാഗണര്‍ കാറും പ്രതിയില്‍ നിന്ന് കണ്ടെത്തി. കാറില്‍ നിന്ന് കവര്‍ച്ചയ്ക്ക് ഉപയോഗിക്കാനുള്ള ഗ്യാസ് കട്ടര്‍, സിലിണ്ടര്‍, ഓക്സിജന്‍ മിക്സിംഗ് ട്യൂബ്, കടകളുടെ പൂട്ട് തകര്‍ക്കുന്നതിനുള്ള വലിയ കട്ടര്‍, രണ്ട് ചുറ്റിക, തുണി ചുറ്റിയ രണ്ട് കമ്പി പാര, കത്തി, മൂന്ന് ടോര്‍ച്ച്, സ്പാനര്‍, നാല് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, രണ്ട് വലിയ സ്‌ക്രൂ ഡ്രൈവര്‍ എന്നിവയും കണ്ടെത്തി.

കോഴിക്കോട് റൂറല്‍ ജില്ല പോലീസ് മേധാവി ഡോ എ.ശ്രീനിവാസിന്റെ നിര്‍ദ്ദേശ പ്രകാരം വടകര ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പഴയ കേസുകളിലെ പ്രതികളെ കണ്ടെത്താനായി അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്. ഓര്‍ക്കാട്ടേരി ടൗണിലെ മലഞ്ചരക്ക് കടയായ സബീന സ്റ്റോര്‍ കുത്തി തുറന്ന് 70,000 രൂപയുടെ 200 കിലോ അടക്ക മോഷണം നടത്തിയ കേസില്‍ പ്രതികളെ തേടിയിറങ്ങിയതായിരുന്നു എടച്ചേരി പോലീസ്.

2021 ജനുവരി 14 നാണ് കടയില്‍ മോഷണം നടന്നത്. ഈ കേസില്‍ ബാലുശ്ശേരി, അത്തോളി, ഉള്ള്യേരി മേഖലകളില്‍ നടത്തിയ അന്വേഷണത്തില്‍ ഉള്ള്യേരി മാര്‍ക്കറ്റിലെ ഒരു വ്യാപാരി നല്‍കിയ മോഷണ മുതല്‍ വില്‍ക്കാനെത്തിയ വ്യാജ നമ്പര്‍ പതിച്ച കാറിന്റെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മോഷ്ടാവിനെ കുടുക്കിയത്.

വാഗണര്‍ കാര്‍ ഉപയോഗിച്ച് മോഷണ മുതലുകള്‍ വില്‍ക്കുന്ന യുവാവിനെ കുറിച്ച് വിവരം ലഭിച്ചതോടെ പോലീ്സ് സംഘം കൊയിലാണ്ടി കാപ്പാട് ബീച്ച് പരിസരത്തെ ബാറില്‍ മദ്യപിക്കാനെത്തിയ മുജീബിനെ പിടികൂടുകയായിരുന്നു. ബാറിന് സമീപം നിര്‍ത്തിയിട്ട കാറും പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ നടത്തിയ മോഷണങ്ങളുടെ ചുരുള്‍ അഴിയുന്നത്.

കൊണ്ടോട്ടി സ്റ്റേഷന് കീഴില്‍ 2021 മാര്‍ച്ച് മൂന്നിന് മലഞ്ചരക്ക് കടയില്‍ നിന്ന് 90,000 രൂപയുടെ 9 ചാക്ക് കുരുമുളക് മോഷ്ടിച്ച് വാഗണര്‍ കാറില്‍ കടത്തിക്കൊണ്ട് പോയി വില്‍പ്പന നടത്തിയതായി പോലീസ് പറഞ്ഞു. ജനുവരിയില്‍ കൊടുവള്ളി വട്ടോളിയിലും അരീക്കോട് കടുങ്ങല്ലൂര്‍ മാര്‍ക്കറ്റിലും ഇയാള്‍ മോഷണം നടത്തിയതായി പോലീസിന് മൊഴി നല്‍കി. മോഷണ മുതലുകള്‍ പേരാമ്പ്രയിലും മൈസൂര്‍ മാര്‍ക്കറ്റിലും വില്‍പന നടത്തിയതായും പോലീ്സ് പറഞ്ഞു.

സിഐയ്ക്ക് പുറമേ ഗ്രേഡ് എസ്‌ഐ എ.വിനോദന്‍, സിപിഒമാരായ വി.പി.ബിനീഷ്, ഞെള്ളങ്കണ്ടിയില്‍ സുരേഷ്, എംഎസ്പിയിലെ വി.ബിജു, ടി.വിഷ്ണു എന്നിവരും സംഘത്തിലുണ്ടായിരുന്നു.