മോഷണം പതിവാകുന്നു; കൊടുവള്ളിയില്‍ ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ സ്ത്രീ സ്വര്‍ണം കവര്‍ന്നു
കൊടുവള്ളി: സ്വർണാഭരണ കടയിൽനിന്ന് കടക്കാരെ കബളിപ്പിച്ച് മോഷണം നടത്തി രക്ഷപ്പെടുന്ന സംഭവം പതിവായി. ഒരാഴ്ചക്കിടെ രണ്ടു തവണയാണ് സമാനരീതിയിൽ കടകളിൽനിന്ന് സ്വർണാഭരണമോഷണം നടന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് സ്റ്റേറ്റ് ബാങ്കിനു സമീപത്തെ ആലിക്കുഞ്ഞി ജ്വല്ലറിയിലാണ് മോഷണം നടന്നത്. സ്വർണാഭരണം വാങ്ങാനെന്ന് നടിച്ച് ജ്വല്ലറിയിലെത്തിയ സ്ത്രീ ഒരു പവൻ തൂക്കംവരുന്ന സ്വർണമാലയുമായി കടന്നുകളയുകയായിരുന്നു.
പർദ ധരിച്ച് മുഖം മറച്ചെത്തിയ സ്ത്രീ കടയിലെ ജീവനക്കാരനോട് രണ്ടര പവൻ തൂക്കംവരുന്ന സ്വർണചെയിൻ ആവശ്യപ്പെടുകയായിരുന്നു. വിവിധ മോഡലുകൾ കാണിക്കാൻ ആവശ്യപ്പെട്ട സ്ത്രി, ജീവനക്കാരൻ മാല തിരഞ്ഞെടുത്ത് നൽകുന്നതിനിടെ ശ്രദ്ധ തിരിപ്പിച്ച് ഒരു പവൻ തൂക്കംവരുന്ന സ്വർണമാല കൈയിലാക്കി. മാല തിരഞ്ഞെടുത്ത ശേഷം ബിൽതുക പറഞ്ഞപ്പോൾ വാങ്ങിക്കാൻ കൈയിൽ മുഴുവൻ പണവുമില്ലെന്നും പിന്നീട് വരാമെന്നും അറിയിച്ച് കടയിൽനിന്ന് തന്ത്രപൂർവം രക്ഷപ്പെടുകയാണുണ്ടായത്.
സംശയം തോന്നിയ കടയുടമ കടയിലെ സി.സി ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണവിവരം മനസ്സിലാക്കുന്നത്. കടയുടമ കൊടുവള്ളി പൊലീസിൽ പരാതി നൽകി. സമാന രീതിയിൽ നവംബർ 25ന് വ്യാഴാഴ്ച കൊടുവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മുനീറിന്റെ ഉടമസ്ഥതയിലുള്ള റൂബി ഗോള്‍ഡില്‍നിന്ന് 30 വയസ്സിൽ താഴെ തോന്നിക്കുന്ന യുവാവ് കടക്കാരനെ കബളിപ്പിച്ച് മുക്കാൽ പവൻ തൂക്കംവരുന്ന സ്വർണാഭരണവുമായി കടന്നുകളഞ്ഞിരുന്നു.
യുവാവ് ആദ്യം രാവിലെ കടയിലെത്തുകയും ആഭരണം നോക്കിയശേഷം പുതിയതൊരെണ്ണം ഓർഡർ ചെയ്ത് മടങ്ങുകയുമായിരുന്നു. പിന്നീട് വൈകീട്ട് മൂന്നോടെ വീണ്ടും കടയിലെത്തിയ യുവാവ് വ്യാപാരിയോട് മറ്റൊരു മോഡല്‍ എടുക്കാന്‍ ആവശ്യപ്പെടുകയും ഈ സമയം തുലാസിൽ തൂക്കിവെച്ച ആഭരണം കൈക്കലാക്കിയശേഷം മാതാവിനെയും കൂട്ടി വരാമെന്നും പറഞ്ഞ് സ്ഥലം വിടുകയുമായിരുന്നു. ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ചാണ് മോഷ്ടാവ് കടയിലെത്തിയത്. കടയിലെ ആഭരണത്തിന്റെ കുറവു കണ്ട് പരിശോധിച്ചപ്പോഴാണ് ആഭരണം മോഷണം പോയ വിവരം അറിഞ്ഞത്.