മൊബൈല്‍ ഫോണ്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി


കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നമ്മുടെ ജീവിതത്തിലെ നിത്യോപയോഗ വസ്തുവായിരിക്കുകയാണ് സാനിറ്റൈസര്‍. കൈകള്‍ വളരെ പെട്ടെന്ന് അണുവിമുക്തമാക്കാനായാണ് ആല്‍ക്കഹോള്‍ അധിഷ്ഠിതമായ സാനിറ്റൈസറുകള്‍ നമ്മള്‍ ഉപയോഗിക്കുന്നത്.

കൈകള്‍ക്ക് പുറമെ മറ്റ് വസ്തുക്കള്‍ അണുവിമുക്തമാക്കാനും നമ്മള്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നവരാണ്. താക്കോല്‍, കറന്‍സികള്‍, നാണയങ്ങള്‍ തുടങ്ങി കടയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ വരെ നമ്മള്‍ സാനിറ്റൈസ് ചെയ്യാറുണ്ട്. ഇതിനൊക്കെ പുറമെ മൊബൈല്‍ ഫോണുകളും അണു വിമുക്തമാക്കാനായി സാനിറ്റൈസ് ചെയ്യുന്നവരാണ് നമ്മളില്‍ പലരും.

എന്നാല്‍ മൊബൈല്‍ ഫോണ്‍ ഫോണ്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ല. പലതരത്തിലുള്ള തകരാറുകളാണ് സാനിറ്റൈസറിന്റെ ഉപയോഗം കാരണം മൊബൈല്‍ ഫോണിന് ഉണ്ടാവുക എന്നത് പലര്‍ക്കും പുതിയ അറിവാകും.

മൊബൈല്‍ ഫേണില്‍ സാനിറ്റൈസര്‍ വീണാല്‍ ഫോണ്‍ ഡിസ്പ്ലേ, സ്പീക്കര്‍, ക്യാമറ, മൈക്ക് ഒക്കെ വേഗം തകരാറിലാകും. ഡിസ്പ്ലേയില്‍ ഉപയോഗിച്ചിട്ടുള്ള പശ ഇതുമൂലം ഇല്ലാതാകാനും ഡിസ്പ്ലേയ്ക്ക് തകരാറുണ്ടാകാനും സാധ്യതയുണ്ട്.

മൈക്കിന്റെയും സ്പീക്കറിന്റെയും ഭാഗത്ത് സാനിറ്റൈസര്‍ വീണാല്‍ പതുക്കെ ഫോണിന്റെ ഒച്ച പതറിത്തുടങ്ങും. അധികം വൈകാതെ ഫോണിന്റെ മിണ്ടാട്ടം നിലയ്ക്കും. തൊട്ടുണര്‍ത്തുന്ന ടച്ച് ഫോണുകളെ സാനിറ്റൈസറില്‍ കുളിപ്പിച്ചാല്‍ സ്പര്‍ശന ശേഷി നഷ്ടപ്പെട്ട് ഫോണ്‍ നിശ്ചലമായിപ്പോകും. വിരലടയാളം വെച്ച് ഫോണ്‍ തുറക്കുന്ന ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സംവിധാനവും കണ്ണടച്ചു കളയും.

ഇത് മാത്രമല്ല നമുക്ക് കിട്ടാന്‍ പോകുന്ന പണി. സാനിറ്റൈസറാണ് വില്ലനാകുന്നതെങ്കിലും നന്നാക്കാന്‍ കൊടുക്കുമ്പോള്‍ ഇവയെ മൊബൈല്‍ കമ്പനികള്‍ പരിഗണിക്കുന്നത് വെള്ളത്തിലായതിന്റെ തകരാറ് അഥവാ വാട്ടര്‍ ഡാമേജ് എന്ന നിലയിലായിരിക്കും. ചുരുക്കി പറഞ്ഞാല്‍ വാറന്റി കിട്ടാനിടയില്ലെന്നര്‍ഥം.

നശിക്കട്ടെ സകല അണുക്കളും എന്ന നിലയില്‍ സാനിറ്റൈസര്‍ എടുത്ത് മൊബൈലില്‍ ആസകലം സ്പ്രേ ചെയ്യുകയും ചെയ്യുന്നവര്‍ നിരവധിയാണെന്ന് മൊബൈല്‍ സര്‍വീസിങ് സ്ഥാപനങ്ങളിലുള്ളവര്‍ പറയുന്നു. അപ്പൊ പിന്നെ മൊബൈല്‍ ഫോണുകള്‍ എങ്ങനെ സുരക്ഷിതമായി അണുവിമുക്തമാക്കാന്‍ കഴിയും?

കോട്ടണ്‍ തുണിയില്‍ സാനിറ്റൈസര്‍ എടുത്ത് ശ്രദ്ധയോടെ ഫോണ്‍ തുടയ്ക്കുകയാണ് ഇതിനായി ചെയ്യേണ്ടത് എന്ന് വിദഗ്ധര്‍ പറയുന്നു.