മൈസൂരു കൂട്ടബലാത്സംഗം; അഞ്ചുപേര്‍ അറസ്റ്റില്‍, പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തയാള്‍
ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ തിരുപ്പതി സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍. മൈസൂരിലെ പഴക്കച്ചവടക്കാരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കേസില്‍ മലയാളി വിദ്യാർത്ഥികൾ അടക്കം 35 പേരെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മൈസൂരു ചാമുണ്ഡി മലയടിവാരത്തെ പാറക്കെട്ടില്‍ ഇരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതികള്‍ ബലാത്സംഗം ചെയ്തത്. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെട്ടത് സുഹൃത്ത് എതിര്‍ത്തതോടെ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
സ്ഥലത്തെ സ്ഥിരം മദ്യപസംഘമാണ് കേസിലെ പ്രതികളെന്നായിരുന്നു പൊലീസിന്‍റെ ആദ്യനിഗമനം. ഇതേതുടര്‍ന്ന് നാട്ടുകാരായ 30 പേരെ ചോദ്യം ചെയ്തു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസെത്തിയത്. അതേസമയം പ്രതികളെ ഹൈദരാബാദ് മാതൃകയിൽ പൊലീസ് വെടിവച്ച് കൊല്ലണമെന്ന എച്ച് ഡി കുമാരസ്വാമിയുടെ വാക്കുകള്‍ വിവാദമായിരിക്കുകയാണ്. ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാൻ പ്രതികളെ അനുവദിക്കരുത്. ഹൈദരാബാദ് പൊലീസിന്‍റെ നടപടി കർണാടകയും മാതൃകയാക്കണമെന്നായിരുന്നു മുൻമുഖ്യമന്ത്രി പറഞ്ഞത്.