മേലൂർ ക്ഷേത്രക്കുളത്തിൽ നിന്ന് നാലടിയോളം വലിപ്പമുള്ള വിഗ്രഹം കണ്ടെടുത്തു; പുരാവസ്തു ഗവേഷകർ മേലൂരിൽ
ചെങ്ങോട്ടുകാവ്: മേലൂർ ശിവക്ഷേത്രത്തിന്റെ സമീപമുള്ള ക്ഷേത്രക്കുളത്തിൽ നിന്ന് നാല് അടിയോളം ഉയരമുള്ള വിഗ്രഹം പുറത്തെടുത്തു. ഇന്ന് രാവിലെ മുതൽ പുരാവസ്തു വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ കുളത്തിൽ നടത്തിയ പരിശോധനയിലാണ് വിഗ്രഹം കണ്ടെത്തി പുറത്തെടുത്തത്.
കിട്ടിയത് ക്ഷേത്രപാലൻ പ്രതിമ ആണെന്ന് സംശയം. കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയത്തിലെ ഓഫീസർ ഇൻ ചാർജ് കൃഷ്ണരാജ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതിമ പുറത്തെടുത്തത്. 15, 16 നൂറ്റാണ്ടിലേതാണെന്ന് സംശയമെന്ന് സംഘം പറഞ്ഞു. കരിങ്കൽ നിർമ്മിതമായ പ്രതിമയ്ക്ക് ഒരു sണ്ണിനടുത്ത് ഭാരം വരും.
ഇത്തരത്തിലൊരു വിഗ്രഹം കുളത്തിൽ ഉണ്ട് എന്നത് കാലങ്ങളായി ഈ പ്രദേശത്തുകാർ പറഞ്ഞു വരുന്നതാണ്. ഇത് പുറത്തെടുത്ത് സംരക്ഷിക്കണം എന്ന ആവശ്യവും ശക്തമായിരുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട പല കഥകളും ഇതിന്റെ പിറകിൽ പറയുന്നവരുമുണ്ട്.
മേലൂർ ക്ഷേത്രത്തിന് സമീപം പൊളിഞ്ഞു വീഴാറായ മറ്റൊരു ക്ഷേത്രമുണ്ട്. അവിടുത്തെ പാത്തിക്കലപ്പന്റെ പ്രതിഷ്ഠയാണ് ഇതെന്നാണ് ചിലർ പറയുന്നത്. ഇത് ബുദ്ധന്റെയോ, ജൈനന്റെയോ ക്ഷേത്രമായിരുന്നു എന്ന് പറയുന്നവരുമുണ്ട്.
ചരിത്ര പണ്ഡിതൻ എം.ആർ.രാഘവ വാര്യർ സ്ഥലത്തെത്തി പ്രതിമ പരിശോധിച്ചു. ആരുടെ വിഗ്രഹമാണ് ഇതെന്നെ ഐക്കണോഗ്രാഫി വെച്ച് പരിശോന നടത്തിയാൽ മാത്രമേ കണ്ടെത്താൻ കഴിയൂ എന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്.
നന്തി ചെങ്ങോട്ട്കാവ് ബൈപ്പാസ് റോഡ് നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലത്താണ് കുളം സ്ഥിതി ചെയ്യുന്നത്. റോഡ് നിർമ്മാണത്തിന് മുന്നോടിയായി വിഗ്രഹം പുറത്തെടുത്ത് ചരിത്ര സ്മാരകമായി സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട പുരാവസ്തു വകുപ്പിനെ ബന്ധപ്പെട്ടിരുന്നതായി നാട്ടുകാരനായ കലമംഗലത്ത് കരുണാകരൻ പറഞ്ഞു.