മേയ് രണ്ടിന് ലോക്ക്ഡൗണ്‍ വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും


എറണാകുളം: മേയ് രണ്ടിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജികളിലെ ആവശ്യം.

കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഫലപ്രഖ്യാപന ദിവസം വിജയാഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കുമെന്നും, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നതടക്കമുള്ള തീരുമാനങ്ങളാണ് സര്‍വകക്ഷി യോഗത്തിലെടുത്തിട്ടുള്ളത്. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫലപ്രഖ്യാപന ദിനത്തില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിലവില്‍ മൂന്ന് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.