മേപ്പയ്യൂർ-കൊല്ലം റോഡ് തകർന്നിട്ട് മാസങ്ങൾ; ദുരിതത്തിലായി യാത്രക്കാർ


മേപ്പയ്യൂർ: മേപ്പയ്യൂർ-നെല്യാടി-കൊല്ലം റോഡ് കുണ്ടും കുഴിയും നിറഞ്ഞ രീതിയിലായിട്ട് മാസങ്ങൾ. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഈ റോഡിലൂടെ യാത്രചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർ ഇപ്പോൾ ദുരിതത്തിലാണ്.

മേപ്പയ്യൂർ ടൗണിലുള്ള വളവ് കഴിഞ്ഞാൽ റോഡ്‌ തകർന്ന് താറുമാറായി കിടക്കുകയാണ്. പൊതുമരാമത്ത് റോഡ് വിഭാഗം ഇത് കണ്ടതായി നടിക്കുന്നില്ല. കൊല്ലം-മേപ്പയ്യൂർ റോഡ് വികസനത്തിനായി സംസ്ഥാന ബജറ്റിൽ 39 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ടെന്ന പ്രഖ്യാപനം വന്നിട്ട് ഒരു വർഷം കഴിഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


മേപ്പയ്യൂർ മുതൽ നരക്കോട് കല്ലങ്കിവരെയും വിയ്യൂർ ശക്തൻകുളങ്ങര തുടങ്ങീ പല സ്ഥലങ്ങളിലും റോഡ് തകർന്ന് പോയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് പലപ്പോഴും റോഡിലെ കുഴികളിൽ അപകടത്തിൽപ്പെടുന്നത്. നാദാപുരം,തോടന്നൂർ, തിരുവള്ളൂർ, വേളം, ചെറുവണ്ണൂർ ,ആവള തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം കോഴിക്കോട്ടേക്കുള്ള എളുപ്പവഴി ആയതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഈ റോഡ് വഴി കടന്നു പോവുന്നത്.

ദേശീയപാതയിൽ പയ്യോളിക്കും കൊയിലാണ്ടിക്കും ഇടയിൽ ഗതാഗത തടസ്സമുണ്ടാവുമ്പോൾ കൊയിലാണ്ടിയിലേക്ക് വാഹനങ്ങൾ തിരിച്ചുവിടുന്നത് ഇത് വഴിയാണ്. എത്രയും പെട്ടെന്ന് റോഡ് അറ്റകുറ്റപണി നടത്തുകയോ പുനരുദ്ധാരണമോ നടത്തിയില്ലെങ്കിൽ ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്.

മേപ്പയ്യൂർ കൊല്ലം റോഡ് എത്രയും പെട്ടെന്ന് പുതുക്കി പണിയുകയോ ,അറ്റകുറ്റപണിയോ നടത്തി വാഹന ഗതാഗത യോഗ്യമാക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് മുജീബ് കോമത്ത് ആവശ്യപ്പെട്ടു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.