മേപ്പയ്യൂര്‍ സ്വദേശിയായ കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാറെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം; മൊഴി അനുസരിച്ചാണ് കേസ് എടുത്തതെന്ന് പോലീസ്
മേപ്പയ്യൂര്‍: ഡെപ്യൂട്ടി തഹസിൽദാറെ ഭീഷണിപ്പെടുത്തിയ പ്രതികൾക്ക് ജാമ്യം. തഹസിൽദാരുടെ മൊഴി അനുസരിച്ചാണ് കേസ് എടുത്തതെന്ന് മേപ്പയ്യൂർ പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് നരക്കോട് എടപ്പങ്ങാട്ട് മീത്തൽ വീട്ടിൽ താമസിക്കുന്ന കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഇ.എം ബിജുവിൻ്റെ വീട്ടിലെത്തിയ നാലംഗ സംഘം ഗേറ്റ് തകർത്ത് വീട്ടുമുറ്റത്ത് നിന്ന് ഭീഷണി മുഴക്കിയത്.
രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ വീട്ടു മുറ്റത്തേക്ക് കയറി വന്ന നാലംഗ സംഘം അസഭ്യമായ ഭാഷയിൽ സംസാരിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തു എന്ന് ഇ.എം ബിജു പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇത് കേട്ട് വന്ന തന്റെ ഭാര്യയും മക്കളും ഉറക്കെ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് സമീപ വാസികൾ ഓടി കൂടുകയായിരുന്നു. അവർ സംഘത്തെ തടഞ്ഞുവച്ചു. എന്നെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ വന്നത്. റോഡിലേക്കിറങ്ങി വാ, നിന്നെ ഞങ്ങൾ കൊല്ലും എന്നും അവർ പറഞ്ഞു. സമീപ വാസികൾ കൃത്യസമയത്ത് എത്തിയതിനാൽ ആക്രമണത്തിൽ നിന്ന് ഞാൻ രക്ഷപെട്ടു. ഗവണ്മെന്റ് ഉദ്യോഗസ്ഥനായ ഞാൻ സത്യസന്ധമായി ജോലി ചെയ്യുക മാത്രമാണുണ്ടായിട്ടുള്ളത്. അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.ഡി.ഓ ഇന്ന് ബിജുവിന്റെ വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ശേഷം പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയും ചെയ്തു.
പൊലീസെത്തി നാലംഗ സംഘത്തെ സംഭവ സ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്തുവെങ്കിലും മണിക്കൂറുകൾക്കകം തന്നെ അവരെ വിട്ടയക്കുകയായിരുന്നു. മേപ്പയൂർ സി.ഐ കെ.ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാലുശ്ശേരി എരമംഗലം കൈതാൽ പ്രകാശൻ (34), കോക്കല്ലൂർ പെരിയപറമ്പത്ത് രജീഷ് (39), കിഴക്കോളശ്ശേരി സജീഷ് (34), കോക്കല്ലൂർ കോമത്ത് സുബിലേഷ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച നടന്ന സംഭവങ്ങളാണ് ഭീഷണിപ്പെടുത്തിയതിന് കാരണമായി പറയുന്നത്. താലൂക്ക് പരിധിയിലെ കാഞ്ഞിക്കാവിൽ നിന്ന് മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറിയും ഡെപ്യൂട്ടി തഹസിൽദാർ ഇ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള റവന്യൂ സ്ക്വോഡ് പിടിച്ചെടുത്തിരുന്നുവെന്ന് കൊയിലാണ്ടി തഹസിൽദാർ സി.പി.മണി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. താലൂക്ക് ഓഫീസിൽ ഫൈൻ അടപ്പിച്ച ശേഷം വണ്ടി വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് പ്രതികൾ വീട്ടിൽ കയറി ഭീഷണി മുഴക്കിയത്.