മേപ്പയ്യൂര്‍ സലഫി തീവെപ്പ് കേസ്: നിരപരാധികളെ വേട്ടയാടുന്നത് പോലീസ് അവസാനിപ്പിക്കണം-മുസ്ലിം ലീഗ്


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സലഫി കോളേജിലെ വാഹനങ്ങള്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീവെച്ച് നശിപ്പിക്കപ്പെട്ട കേസില്‍ നിരപരാധികളെ ഇനിയും വേട്ടയാടുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ബാഹ്യസമ്മര്‍ദ്ധങ്ങളുടെ പേരില്‍ നിരപരാധികളെ വേട്ടയാടുന്നതിന് പകരം സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

നേരത്തെ ഈ കേസില്‍ നിരപരാധികളായ രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കും വേട്ടയാടലുകള്‍ക്കും ഉത്തരവാദികള്‍ പോലീസാണെന്ന് യോഗം വിലയിരുത്തി. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എം അഷറഫ് സ്വാഗതവും ട്രഷറര്‍ അന്‍വര്‍ കുന്നങ്ങാത്ത് നന്ദിയും പറഞ്ഞു. വി മുജീബ്, കമ്മന അബ്ദുറഹിമാന്‍, കെ.കെ മൊയ്തീന്‍, കെ.എം കുഞ്ഞമ്മത് മദനി, കെ.എം.എ അസീസ്, മുജീബ് കോമത്ത്, കെ.പി കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.