മേപ്പയ്യൂര്‍ പാവട്ട് കണ്ടിമുക്കില്‍ അനധികൃത മണ്ണെടുപ്പ്; ജെ.സി.ബി പിടിച്ചെടുത്ത് റവന്യൂ അധികൃതര്‍


മേപ്പയ്യൂര്‍: പാവട്ട് കണ്ടിമുക്കില്‍ അനധികൃതമായി മണ്ണെടുത്തതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് അധികൃതര്‍ മണ്ണ് മാന്തി യന്ത്രം പിടിച്ചെടുത്തു. കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ ഇതുസംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമോ കൊടുത്ത സ്ഥലത്ത് നിന്നാണ് മണ്ണെടുപ്പ് നടത്തിയത്. അനുമതി ഇല്ലാതെയും അവധി ദിവസങ്ങളില്‍ മണ്ണ് എടുപ്പ് നടത്തിയതിനും ജെ.സി.ബി പിടിച്ചെടുക്കുകയും താലൂക്കാഫീസില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മേപ്പയ്യൂര്‍ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്ത ജെ.സി.ബി മേപ്പയ്യൂരില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് കൊണ്ട് വരുന്നതിനിടയില്‍ നെല്ല്യാടിപാലത്തിന് സമീപം ഉപേക്ഷിച്ച് പോകുകയും തുടര്‍ന്ന് കൊയിലാണ്ടി സി.ഐ. എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.

ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും അവധി ദിവസം മണ്ണെടുപ്പ് നടത്തിയതിനും സ്ഥലം ഉടമയ്ക്ക് ഏതിരെ നടപടിയെടുത്തതായി താഹസില്‍ദാര്‍ സി.പി മണി പറഞ്ഞു.