മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ് സ്‌കൂളിന് ‘സ്‌നേഹസ്പര്‍ശം’; നാല് ലക്ഷം രൂപയുടെ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കൈമാറി


മേപ്പയ്യൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് ഉപകരണങ്ങളില്ലാതെയും റേഞ്ച് പ്രശ്‌നമനുഭവിക്കുന്നവര്‍ക്കും പിന്തുണയുമായി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ‘സ്‌നേഹസ്പര്‍ശം’ ഡിജി ഹെല്‍പ്പ് പദ്ധതി. സ്‌കൂളിലെ 3500 വിദ്യാര്‍ഥികളില്‍ സര്‍വേ നടത്തിയാണ് അത്യാവശ്യക്കാരായ വിദ്യാര്‍ഥികളെ കണ്ടെത്തിയത്.

അധ്യാപകരുടെ നേതൃത്വത്തിലാരംഭിച്ച ധനസമാഹരണത്തിലേക്ക് വിവിധ സംഘടനകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവരുടെ പിന്തുണ ലഭിച്ചിരുന്നു. സമാഹരിച്ച ഡിജിറ്റല്‍ ഉപകരണങ്ങള്‍ എം.എല്‍.എ. ടി.പി. രാമകൃഷ്ണനില്‍നിന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് കുമാര്‍ ടി.കെ. ഏറ്റുവാങ്ങി. പി.ടി. എ. പ്രസിഡന്റ് കെ. രാജീവന്‍ അധ്യക്ഷത വഹിച്ചു.

വി.പി. ഉണ്ണിക്കൃഷ്ണന്‍, എന്‍.പി. ശോഭ, വി. മുജീബ്, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പി. പ്രശാന്ത് ,വി.പി. രമ, എ. സുബാഷ് കുമാര്‍, എം. അഫ്‌സ, ദിനേശ് പാഞ്ചേരി ,നോഡല്‍ ഓഫീസര്‍മാരായ എം.ടി. ബാബു, വി.പി. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.