മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രണ്ടാംഘട്ട പ്രവേശനോത്സവത്തിലെത്തിയവര്‍ക്ക് കൗതുകക്കാഴ്ചയായി ശ്രീജിത്ത് വിയ്യൂരിന്റെ കോവിഡ് ബോധവത്കരണ മാജിക്ക്


മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ടാം ഘട്ട പ്രവേശനോത്സവത്തിനെത്തിയവര്‍ക്ക് കൗതുകക്കാഴ്ചയൊരുക്കി പ്രശസ്ത യുവമാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂര്‍. മാജിക്കിലൂടെ കോവിഡ് ബോധവത്കരണം നടത്തിയാണ് ശ്രീജിത്ത് കുട്ടികളുടെ കയ്യടി നേടിയത്.

വിദ്യാര്‍ഥികളും മാന്ത്രികനും ഒന്നിച്ചു ചെയ്ത മാജിക്കുകളിലൂടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാല്‍ എപ്പോഴും സുരക്ഷിതരായി ജീവിക്കാമെന്ന സന്ദേശം മുഴുവന്‍ വിദ്യാര്‍ഥികളിലുമെത്തിക്കാന്‍ കഴിഞ്ഞു. കോവിഡ് കാലമായതിനാല്‍ വിദ്യാര്‍ഥികളെ രണ്ടു വിഭാഗമായി തിരിച്ചാണ് ഇത്തവണ പ്രവേശനോത്സവം നടത്തിയത്. ഒരു വിഭാഗത്തിന് നവംബര്‍ ഒന്നാം തിയ്യതി പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു.

പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്റര്‍ വി. പി. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി. ടി. എ. പ്രസിഡണ്ട് കെ. രാജീവന്‍ പ്രവേശനോത്സവ സന്ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍ കെ. നിഷിദ് സ്വാഗതവും ടി.സി സുധീര്‍ നന്ദിയും പറഞ്ഞ ചടങ്ങില്‍ വത്സന്‍ വി, സുധീഷ് കുമാര്‍ കെ., ദിനേശ് പാഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.