മേപ്പയ്യൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് എം.എസ്.എഫ്


മേപ്പയ്യൂര്‍: കൊവിഡ് വാക്‌സിന്‍ ലഭ്യതയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നും, ഇവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് മേപ്പയ്യൂര്‍ പഞ്ചായത്തിന് നിവേദനം നല്‍കി. മേപ്പയ്യൂരിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി പേരാണ് അന്യ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസത്തിന് പഠിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ ഇവരെല്ലാം പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്തിന് നിവേദനം നല്‍കിയത്.

വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുക, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ നെറ്റ് വര്‍ക്കുകളുടെ സാങ്കേതിക പ്രശ്‌നം, പഠന സാമഗ്രികളുടെ അഭാവം തുടങ്ങി ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള കര്‍മ്മ പദ്ധതികള്‍ ഊര്‍ജ്ജിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് വി.എം അഫ്‌സല്‍, ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍, ട്രഷറര്‍ കെ. ഹാരിസ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്. പഞ്ചായത്ത് സെക്രട്ടറി രാജേഷ് അരിയില്‍ നിവേദനം ഏറ്റുവാങ്ങി.