മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍എഡ്യൂ മിഷന്‍ ഇന്നവേഷന്‍ ലാബ് സജ്ജമായി
മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയോടെ നടക്കുന്ന എഡ്യൂ മിഷന്റെ ഭാഗമായുള്ള ഇന്നവേഷന്‍ ലാബുകള്‍ മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സജ്ജമായി. പൈലറ്റ് പദ്ധതിയായി മൂന്ന് വിദ്യാലയങ്ങളിലാണ് നിലവില്‍ ഇന്നവേഷന്‍ ലാബുകള്‍ സജ്ജമാകുന്നത്.
കോഴിക്കോട് സബ് കലക്ടര്‍ ചെല്‍ സാസിനി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി മിനി, ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, മേപ്പയ്യൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ വടകര വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ സി.കെ വാസു, എഡ്യൂ മിഷന്‍ കോര്‍ ടീം അംഗങ്ങള്‍ എന്നിവര്‍ ഇന്നവേഷന്‍ ലാബിലെ സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിനായി മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സന്ദര്‍ശിച്ചു.
നൂതന സാങ്കേതികവിദ്യാ നൈപുണികള്‍ പരിശീലിക്കുന്നതിനുള്ള ലാബുകള്‍ ഒരുങ്ങുന്നത് എന്‍. ഐ. ടി. കോഴിക്കോട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഡയറ്റ് കോഴിക്കോട് എന്നിവയുടെ പിന്തുണയോടെയാണ്. സാങ്കേതിക നൈപുണികളും പരിശീലനങ്ങളും സ്വായത്തമാക്കാനായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പരിശീലന മൊഡ്യൂളുകളും തയ്യാറാക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികളെ ഭാവിയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള സ്വപ്നപദ്ധതിയായാണ് എഡ്യൂമിഷന്‍ – ഇന്നവേഷന്‍ ലാബുകള്‍ (എമില്‍) ലക്ഷ്യമിടുന്നത്. നവസാങ്കേതികവിദ്യകള്‍ അതിവേഗം മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ഭാഷകള്‍ കൈകാര്യം ചെയ്യല്‍, ഡിസൈന്‍ തിങ്കിംഗ്, മൈക്രോപ്രോസസറുകളുപയോഗപ്പെടുത്തിയുള്ള രൂപകല്പനകള്‍, റോബോട്ടിക്‌സ്, പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള തിങ്കിംഗ്ഹബ്, വിവിധ തരം കിറ്റുകള്‍ ഉപയോഗിച്ചുള്ള പ്രോട്ടോടൈപ്പുകള്‍ നിര്‍മ്മിക്കല്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യാ നൈപുണികള്‍ക്ക് വഴിയൊരുക്കും.
ഇന്റര്‍നെറ്റിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന മറ്റു സേവനങ്ങള്‍, ഉത്പന്നങ്ങള്‍ എന്നിവയെല്ലാം നൂതന – ഭാവി സാങ്കേതികവിദ്യയില്‍ അധിഷ്ടിതമാണെന്നിരിക്കെ ഭാവിയിലെ സാധ്യതകളെ നേടിയെടുക്കാന്‍ വിദ്യാര്‍ത്ഥികളെ ഇവിടെ പ്രാപ്തരാക്കുന്നു. ജില്ലയിലെ ഒരു ലക്ഷം വിദ്യാര്‍ത്ഥികള പ്രോഗ്രാമിങ് / കോഡിങ് ഭാഷകള്‍ കൈകാര്യം ചെയ്യല്‍, ആശയങ്ങളും പ്രോട്ടോടൈപ്പുകളും വിസിപ്പിക്കാന്‍ പഠിപ്പിക്കുക, ജില്ലയെ കുട്ടികളുടെ നൂതന സാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റുക എന്നതും ഇത്തരം ലാബുകളുടെ ലക്ഷ്യമാണ്.
കേരള സര്‍ക്കാറിന്റെ കെ.എസ്.ഐ.ഡി.സി പദ്ധതിയുടെ ഭാഗമായുളള വൈ ഐ പി (യംങ് ഇന്നവേറ്റേര്‍സ് പ്രോഗ്രാം) പ്രവര്‍ത്തനങ്ങള്‍ക്ക് കൂടെ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ലാബുകള്‍. ഒരേ സമയം 40 കുട്ടികള്‍ക് സ്വന്തമായി പ്രായോഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനാവും. അടുത്ത ഘട്ടത്തില്‍ മുഴുവന്‍ നിയോജകമണ്ഡലങ്ങളും കേന്ദ്രീകരിച്ച് വിദ്യാലയങ്ങളില്‍ ഇന്നവേഷന്‍ ലാബുകള്‍ സ്ഥാപിക്കുന്നതിനായി ജനപ്രതിനിധികളെ ഇതിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തും.
തൊഴില്‍ നൈപുണ്യം ആര്‍ജിക്കാനും വിദ്യാര്‍ത്ഥികളുടെ ക്രിയാത്മകത വര്‍ധിപ്പിക്കാനും ആവശ്യമായ നൈപുണികളാണ് എഡ്യൂ മിഷന്‍ പദ്ധതി മുന്നോട്ടു വെക്കുന്നത്. അതിര്‍വരമ്പുകള്‍ ഇല്ലാതെ ആശയവിനിമയം നടത്താനും കാലത്തിനൊപ്പം സഞ്ചരിച്ച് പ്രശ്‌നങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പരിഹരിക്കാനും കഴിയും. കുട്ടികളെ പുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ പഠിപ്പിക്കുകയും സര്‍ഗ്ഗാത്മകത പുലര്‍ത്താനുള്ള ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നതിനാല്‍ എഡ്യൂമിഷന്‍ ഇന്നൊവേഷന്‍ ലാബുകള്‍ (എമില്‍) പൂര്‍ണ്ണമായും സ്വന്തമായ എന്തെങ്കിലും രൂപകല്‍പ്പന ചെയ്യാന്‍ അവര്‍ക്ക് അവസരം ലഭിക്കും. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഗെയിമുകളോ വെബ്‌സൈറ്റോ, പുതിയ ഉപകരണങ്ങളോ അതുമല്ലെങ്കില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഉത്പന്നങ്ങളോ സൃഷ്ടിക്കുന്നതിലൂടെ ലഭിക്കുന്ന ഫീഡ്ബാക്കില്‍ നിന്ന് അവര്‍ക്ക് വളരാനും വഴിയൊരുങ്ങുന്നു.
എഡ്യൂമിഷന്‍ പദ്ധതിയുടെ ഭാഗമായ നൈപുണ്യ വികസന പരിപാടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പിനൊപ്പം ചേര്‍ന്ന് നേതൃത്വം നല്‍കുന്നതും ഉപദേശങ്ങള്‍ നല്‍കുന്നതും ഐ.എസ്.ആര്‍.ഒ. മുന്‍ ഡയരക്ടര്‍ ഇ.കെ. കുട്ടി, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ മ്രുഹമ്മദ് റിയാസ്, ഡോ.ഷാഹിന്‍ (കലിക്കറ്റ് യൂണിവേഴ്‌സിറ്റി), അജയന്‍ കാവുങ്കല്‍ ഡോ.സുജിത് (എന്‍ ഐ ടി കോഴിക്കോട്), ഡോ.രവി വര്‍മ്മ (എന്‍.ഐ.ടി. കോഴിക്കോട്), മെഴ്‌സി പ്രഭ, ശ്രീ ബിനീഷ് ജോര്‍ജ്ജ്, ഡയാന (അസാപ്പ്), യു.കെ.അബ്ദുന്നാസര്‍ (ഡയറ്റ് കോഴിക്കോട്) ഷജില്‍ യു. കെ. ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി, അനു മരിയ, നിതാഷ, സന്ദീപ് കെ, (കെ.എസ്.ഐ.ഡി.സി) എന്നിവരടങ്ങിയ എഡ്യൂ മിഷന്‍ സ്‌കില്‍ കോര്‍ ടീം അംഗങ്ങളാണ്.
ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് ലാബ് രൂപകല്പന ചെയ്യുന്നതും ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതും. സബ്കലക്ടറുള്‍പ്പെടുന്ന എജുമിഷന്‍ ടീമിനോടൊപ്പം സ്‌കൂളിലെത്തിയ സംഘത്തെ പി.ടി.എ. പ്രസിഡണ്ട് കെ. രാജീവന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയന്തി, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ പ്രമോദ്, ഹെഡ് മാസ്റ്റര്‍ വി.പി ഉണ്ണികൃഷ്ണന്‍ സ്റ്റാഫ് പ്രതിനിധികള്‍ എജു മിഷന്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പി.ടി.എ പ്രസിഡണ്ട് കെ രാജീവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ എജുമിഷന്‍ സ്‌കില്‍ പ്രോജക്ട് കോ ഓഡിനേറ്റര്‍ യു.കെ ഷാജിലിനെ സ്‌കൂള്‍ എജു മിഷന്‍ ആദരിച്ചു.