മെഡിസിനോ എഞ്ചിനീറിംഗോ ഏതുമാകട്ടെ, രണ്ടും കൈപ്പടിയിലൊതുക്കി കൊയിലാണ്ടി തിരുവങ്ങൂര്‍ സ്വദേശി വിഘ്‌നേഷ് അശോക്


കൊയിലാണ്ടി: മെഡിക്കല്‍-എഞ്ചിനിയറിംഗ് മത്സരപ്പരീക്ഷകളില്‍ ഒരേ പോലെ ഉയര്‍ന്ന റാങ്കുകള്‍ നേടുക എന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കി തിരുവങ്ങൂര്‍ സ്വദേശി വിഘ്‌നേഷ് അശോക്. 2021 ലെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകളിലും 2020 ലെ കീം പരീക്ഷയിലും ഉയര്‍ന്ന റാങ്കുകളാണ് വിഘ്‌നേഷ് സ്വന്തമാക്കിയത്.

2020ലെ കീം പരീക്ഷയില്‍ 198ാമത്തെ റാങ്കു നേടി തിരുവനന്തപുരത്തെ ഗവണ്മെന്റ് എഞ്ചിനിയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സിനു ചേര്‍ന്ന വിഘ്‌നേഷ് അതുകൊണ്ടൊന്നും തൃപ്തനായിരുന്നില്ല. കഠിനമായ പരിശ്രമം തുടര്‍ന്നതാണ് ഈ വര്‍ഷത്തെ മെഡിക്കല്‍-എഞ്ചിനിയറിംഗ് മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ വിഘ്‌നേഷിനെ പ്രാപ്തമാക്കിയത്.

2021 ല്‍ മെഡിക്കല്‍- എഞ്ചിനിയറിംഗ് പരീക്ഷകള്‍ക്ക് ഒരേ സമയമാണ് തയ്യാറെടുപ്പുകള്‍ നടത്തിയത്. ജെ.ഇ.ഇ പരീക്ഷയില്‍ 98.7 ശതമാനം മാര്‍ക്കു നേടിയ വിഘ്‌നേഷിന് കോഴിക്കോട്ട് എന്‍.ഐ.ടി യിലെ കമ്പ്യൂട്ടര്‍ സയന്‍സിന് അഡ്മിഷന്‍ കിട്ടി. അവിടെ കോഴ്‌സിന് ചേര്‍ന്ന ശേഷമാണ് നീറ്റ് പരീക്ഷയുടെ ഫലം വരുന്നത്.

നീറ്റ് പരീക്ഷയില്‍ 720 ല്‍ 669 മാര്‍ക്ക് നേടി ഓള്‍ ഇന്ത്യാ റാങ്ക് ലിസ്റ്റില്‍ 1741 മതും ഓള്‍ ഇന്ത്യയില്‍ 99.8 പെഴ്‌സന്റൈ് നേടി 134 എന്ന റാങ്കോടെ കേരളാ ലിസ്റ്റിലും ഇടം നേടാന്‍ വിഘ്‌നേഷിന് കഴിഞ്ഞു.

ആതുരസേവന രംഗത്തെ മികച്ച ഡോക്ടറാവുക എന്നതാണ് വിഘ്‌നേഷിന്റെ ആഗ്രഹം. ഉയര്‍ന്ന റാങ്ക് ലഭിച്ചതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലോ അല്ലെങ്കില്‍ ആംഡ് ഫോഴ്‌സിന്റെ പൂനയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലോ പ്രവേശനം നേടുകയാണ് വിഘ്‌നേഷ് ലക്ഷ്യമാക്കുന്നത്.

2018ലെ സി.ബി.എസ്.ഇ പരീക്ഷയില്‍ കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയതും വിഘ്‌നേഷായിരുന്നു. വിദേശകാര്യ വകുപ്പില്‍ ( പാസ്‌പോര്‍ട്ട് ഓഫീസ്, കോഴിക്കോട്) ഉദ്യോഗസ്ഥനായ കെ.കെ. അശോകന്റെയും കേരളാ ബാങ്ക് ഉദ്യോഗസ്ഥയായ ബിന്ദുവിന്റെയും മകനാണ് വിഘ്‌നേഷ്.