മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളംതെറ്റി; കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒ.പിയില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ മാത്രം; പി.ജി ഡോക്ടര്‍മാരുടെ സമരം തുടരുന്നു


കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളംതെറ്റിയ നിലയില്‍. പി.ജി ഡോക്ടര്‍മാരുടെ എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്‌കരണ സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ കോഴിക്കോട് അടക്കമുള്ള മെഡിക്കല്‍ കോളേജുകളില്‍ ഒ.പിയില്‍ പകുതി ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഒ.പിയില്‍ രോഗികളെ പരിശോധിക്കുന്നത്. ഒ.പിയില്‍ എത്തിയ ചിലര്‍ ചികിത്സ കിട്ടാതെ തിരിച്ചുപോയി. നിശ്ചയിച്ച ശസ്ത്രക്രിയകള്‍ പലതും മാറ്റേണ്ടിവരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്മാരും ഇന്ന് 24 മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരണ സമരം നടത്തുകയാണ്. ഇവരെ ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. പി.ജി ഡോക്ടര്‍മാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.

അതിനിടെ സമരത്തിന്റെ ഭാഗമായി പി.ജി ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. അടിയന്തര , കോവിഡ് വിഭാഗങ്ങളൊഴികെ മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്‌കരിച്ചാണ് ഹൗസ് സര്‍ജന്മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.