മെഡിക്കല്‍ കോഴ്‌സ് പ്രവേശനം; ഒബിസി വിഭാഗത്തിന് 27% സംവരണം, 10%ന് സാമ്പത്തിക സംവരണവും


ന്യൂഡല്‍ഹി: രാജ്യത്തെ എംബിബിഎസ്, ഡെന്റല്‍ കോഴ്‌സുകളില്‍ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്നാക്ക വിഭാഗത്തില്‍ സമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന് 10 ശതമാനം സംവരണവും അനുവദിച്ചു. ബിരുദ, ബിരുദാനന്തര മെഡിക്കല്‍ കോഴ്‌സുകളിലെ അഖിലേന്ത്യാ ക്വാട്ടയിലാണ് സംവരണം.

എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ്, ഡിപ്ലോമ മെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയില്‍ ഇനി ഒബിസി വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തിക ശേഷിയില്ലാത്ത മുന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും സംവരണം ലഭിക്കും. ഈ അധ്യായന വര്‍ഷം മുതല്‍ സംവരണം അനുവദിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്.

നേരത്തെ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു സംവരണം ഉണ്ടായിരുന്നത്. 2007 ലെ സുപ്രീം കോടതി വിധി പ്രകാരം പട്ടിക ജാതി വിഭാഗത്തിന് 15 ശതമാനമാണ് മെഡിക്കല്‍ കോഴ്‌സുകളിലെ സംവരണം. പട്ടികവര്‍ഗ വിഭാഗത്തിന് 7.5 ശതമാനവും. ബിരുദ പ്രവേശനത്തിന് ആകെ മെഡിക്കല്‍ സീറ്റുകളില്‍ 15 ശതമാനവും ബിരുദാനന്തര ബിരുദത്തില്‍ 50 ശതമാനവുമാണ് അഖിലേന്ത്യാ ക്വാട്ടയായി അനുവദിക്കുന്നത്.

പുതിയ പ്രഖ്യാപനം ഒബിസി വിഭാഗത്തില്‍ നിന്നും എംബിബിഎസിന് ചേരുന്ന 1500 ഓളം വിദ്യാര്‍ത്ഥികള്‍ക്കും പിജിക്ക് ചേരുന്ന 2500 വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന 550 എംബിബിഎസ് വദ്യാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ പിജി പഠനത്തിലെ 1000 വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കും.