മൃതദേഹവുമായ ബന്ധുക്കൾ എത്തിച്ചേരുകയാണ്; വിശ്രമമില്ലാതെ ചേമഞ്ചേരിയിലെ ‘വിശ്രാന്തി’, ജില്ലയിൽ കോഴിക്കോടും വടകരയും കഴിഞ്ഞാലുള്ള ഏക ആധുനിക ശ്മശാനം
എ സജീവ്കുമാർ
കൊയിലാണ്ടി: മൃതദേഹവുമായി ബന്ധുക്കൾ എത്തിച്ചേരുകയാണ്. ചേമഞ്ചേരിയിലെ വിശ്രാന്തിക്ക് വിശ്രമമില്ല. ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനും വടകര മുൻസിപ്പാലിറ്റിയും കഴിഞ്ഞാൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ മാത്രമാണ് ആധുനിക വാതക ശ്മശാനമുള്ളത്. കെ.ദാസൻ എംഎൽഎ യും കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേമഞ്ചേരി ഗ്രാമപഞ്ചായത്തും അനുവദിച്ച ഒരു കോടി പത്ത് ലക്ഷം രൂപക്കാണ് ഈ ശ്മശാനം നിർമ്മിച്ചത് ഗ്രാമപഞ്ചായത്ത് 1986 ൽ പൊന്നും വില കൊടുത്ത് വാങ്ങിയ സ്ഥലത്ത് അറബിക്കടലിനോട് ചേർന്നാണ് വിശ്രാന്തി എന്ന് നാമകരണം ചെയ്ത ശ്മശാനം പ്രവർത്തിക്കുന്നത്.
2021 ഏപ്രിൽ 14 ന് ആണ് ശ്മശാനത്തിൽ ശവസംസ്ക്കാരം ആരംഭിച്ചത്. 5000 ലിറ്റർ വെള്ളം കൊള്ളുന്ന വലിയ ടാങ്കിലൂടെ പുകയെ കടത്തിവിട്ട് ശുദ്ധീകരിച്ച വെളുത്ത പുകയാണ് വലിയ ഉയരത്തിലുള്ള പുകക്കുഴലിലൂടെ പുറത്തേക്ക് പോകുന്നത് എന്നതിനാൽ യാതൊരു തരത്തിലുമുള്ള അന്തരീക്ഷ മലിനീകരണമില്ലാത്തതാണ് വാതകശ്മശാനമെന്ന് ശ്മശാനം നടത്തിപ്പിന് നേതൃത്വം കൊടുക്കുന്ന ചേമഞ്ചേരി പഞ്ചായത്ത് സ്കിൽ ഡെവലപ്മെൻ്റ് മൾട്ടി പർപസ് ഇൻഡസ്ട്രിയൽ കോഓപ് സൊസൈറ്റി പ്രസിഡൻ്റ് പി കെ പ്രസാദ് പറയുന്നു.
20 കിലോ കൊള്ളുന്ന 8 ഗ്യാസ് സിലിണ്ടറുകൾ ഒരേ സമയത്ത് പ്രവർത്തിച്ചാണ് ശവം സംസ്ക്കരിക്കുന്നത്. ഒരു ശവം കത്തി തീരാൻ ഏതാണ്ട് ഒരു സിലിണ്ടർ ഗ്യാസ് മതിയാകും. ചേമഞ്ചേരി പഞ്ചായത്തിൽ നിന്നുള്ളവർക്ക് 3500 രൂപയും പഞ്ചായത്തിന് പുറത്തു നിന്നുള്ളവർക്ക് 4000 രൂപയുമാണ് ഇവിടെ വാങ്ങിക്കുന്നതെന്ന് സംസ്ക്കാരത്തിന് നേതൃത്വം കൊടുക്കുന്ന എം.പി.അശോകനും ദിവാകരൻ കുട്ടിക്കണ്ടിയും പറയുന്നു.
കൊവിഡ് മൂലം മരണമടയുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കൊണ്ട് വരുന്ന മൃതശരീരം ഇവിടെ കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് സംസ്ക്കരിക്കുന്നതെന്ന് മുൻ പഞ്ചായത്ത് പ്രസിഡണ്ടും ശ്മശാന നടത്തിപ്പ് ഏറ്റെടുത്ത സൊസൈറ്റി ഭാരവാഹിയുമായ അശോകൻകോട്ട് പറഞ്ഞു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് സംസ്ക്കാര സമയം.