മൂന്ന് മുതൽ12 വയസുവരെയുള്ളവർക്കുള്ള കൊവിഡ് വാക്സീൻ; പരീക്ഷണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് സൈഡസ് കാഡില


ന്യൂഡല്‍ഹി: സൈകോവ് – ഡി വാക്സീൻ 3 മുതൽ 12 വയസുകാരിൽ പരീക്ഷണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് നിർമ്മാതാക്കളായ സൈഡസ് കാഡില. ഇതിനായുള്ള അനുമതി തേടി ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ ഉടൻ സമീപിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിൽ 12 വയസിനു മുകളിലുള്ളവർക്ക് നൽകാനുള്ള അടിയന്തര അനുമതി ലഭിച്ച വാക്സീനാണ് സൈക്കോവ് -ഡി.

അടിയന്തര ഉപയോ​ഗത്തിന് അനുമതി ലഭിച്ച സൈകോവ് – ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങും. 66ശതമാനമാണ് ഫല പ്രാപ്തി. അതേസമയം വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകൾ നിർമ്മിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സൈകോവ് -ഡി വാക്സീൻ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്. ഫാർമജെറ്റ് എന്ന ഇൻ​ജക്ടിങ് ​ഗൺ കുത്തിവയ്ക്കുംപോലെ അമർത്തുമ്പോൾ വാക്സീൻ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവയ്പല്ലാതെ നൽകുന്ന നീഡിൽ ഫ്രീ വാക്സീൻ ആണ് സൈക്കോവ് -ഡി വാക്സീൻ