മൂന്ന് പതിറ്റാണ്ടിലേറേയായി എടവരാടുകാരുടെ സ്പന്ദനമറിഞ്ഞ പ്രിയ്യപ്പെട്ട പോസ്റ്റ്മാസ്റ്റര്‍ പടിയിറങ്ങി; ദിനേശ് കോമത്തിന് യാത്രയയപ്പ് നല്‍കി നാട്


പേരാമ്പ്ര: മൂന്ന് പതിറ്റാണ്ടലേറെയായുള്ള സേവനത്തിന് ശേഷം എടവരാട് പോസ്റ്റോഫീസില്‍ നിന്ന് ദിനേശ് കോമത്ത് പടിയിറങ്ങുന്നു. നാടിന്റെ സ്പന്ദനമറിഞ്ഞ് എല്ലാവരിലേക്കുമോടിയെത്തിയ പോസ്റ്റ്മാസ്റ്റര്‍ക്ക്് ഒരു നാടിന്റെ സ്നേഹോഷ്മള യാത്രയയപ്പ് നല്‍കി നാട്. എടവരാട് പോസ്റ്റ്മാസ്റ്റര്‍ ദിനേശ് കോമത്തിനാണ് എടവരാട് പൗരാവലി വന്‍ യാത്രയപ്പ് നല്‍കിയത്. എടവരാട് എഎംഎല്‍പി സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങ് എം.പി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

നീണ്ട 32 വര്‍ഷവും അഞ്ച് മാസവുമായി എടവരാട് പോസ്റ്റ്മാസ്റ്ററായി സേവനം അനുഷ്ടിച്ച ദിനേശ് കോമത്ത് സൗമ്യ പ്രകൃതം കൊണ്ടും ജോലിയിലെ ആത്മാര്‍ത്ഥതകൊണ്ടും നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. എടവരാട് ബ്രാഞ്ച് പോസ്റ്റ് ഓഫീസില്‍ പ്രഥമ പോസ്റ്റ് മാസ്റ്ററായിരുന്നു. പോസ്റ്റ് മാസ്റ്ററായി സ്ഥാനമെടുത്തതിനു ശേഷം നാടിന്റെ സ്പന്ദനങ്ങളറിഞ്ഞ് ഓരോ ഇടവഴികളും താണ്ടി മൂന്ന് പതിറ്റാണ്ടുകാലത്തെ ആത്മാര്‍ത്ഥ സേവനത്തിനു ഉത്തമ ഉദാഹരണമായി മാറുകയായിരുന്നു. ഒരുകാലത്ത് ഗള്‍ഫ് രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ജോലി ചെയ്തിരുന്ന പ്രദേശവാസികള്‍ക്ക് പോസ്റ്റ് ഓഫീസ് പ്രധാന ആശ്രയ കേന്ദ്രമായിരുന്നു. ടെലഫോണ്‍ സംവിധാനം നമ്മുടെ നാട്ടില്‍ വന്നപ്പോഴും സാധാരണക്കാര്‍ക്ക് ആശ്രയം പോസ്റ്റോഫീസ് ആയിരുന്നു. പില്‍ക്കാലത്ത് മൊബൈല്‍ ഫോണുകളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും തരംഗത്തില്‍ പോസ്റ്റ് ഓഫീസുകള്‍ പിന്നിലായെങ്കിലും നിലവില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ തുടങ്ങി ബാങ്ക് വഴിയുള്ള എല്ലാ പണമിടപാടുകള്‍ക്കും പോസ്റ്റോഫീസും പോസ്റ്റ് മാസ്റ്റര്‍ ദിനേശും വലിയ സേവന കേന്ദ്രമായിരുന്നു. അച്ഛന്റെ ആശ്രിത നിയമനം വഴി പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിലെത്തിയ ദിനേശ് അച്ഛന്‍ ജോലി ചെയ്തിരുന്ന ഇരിങ്ങത്തെ പോസ്റ്റോഫീസിലേക്കാണ് സ്ഥലംമാറി പോവുന്നത്.

സ്വാഗതസംഘം ചെയര്‍മാന്‍ രാജീവന്‍ അധ്യക്ഷനായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. അഷ്‌റഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലജ പുതിയെടുത്ത്, റസ്മിന തങ്കേക്കണ്ടി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധകളായ ആവള ഹമീദ്, കെ.കുഞ്ഞബ്ദുല്ല, പി.പി. രാമകൃഷ്ണന്‍, കെ.എം. സുധാകരന്‍, പി.ടി. വിജയന്‍, ആര്‍.എം. രവീന്ദ്രന്‍, എന്‍.വി. അഹമദ്, പോസ്റ്റ്മാന്‍ പി. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.കെ കുഞ്ഞമ്മദ് ഫൈസി സ്വാഗതവും ട്രഷറര്‍ ഇ.ശ്രീജിത്ത് നന്ദിയും പറഞ്ഞു.