മൂന്ന് ചാക്ക് പുകയില ഉത്‌പന്നങ്ങളുമായി താമരശ്ശേരിയിൽ രണ്ടുപേർ പിടിയിൽ


താമരശ്ശേരി: മൂന്ന് ചാക്ക് നിരോധിത പുകയില ഉത്‌പന്നങ്ങളുമായി രണ്ടുപേർ താമരശ്ശേരി പോലീസിന്റെ പിടിയിലായി. താമരശ്ശേരി ചുങ്കം ചാലുമ്പാട്ടിൽ കിടു എന്ന അഷറഫ് (42), കമ്മട്ടിയേരിക്കുന്ന് ഷാജി (39) എന്നിവരാണ് പിടിയിലായത്. താമരശ്ശേരി ചുങ്കത്ത് വെച്ചാണ് ഹാൻസ്, പാൻപരാഗ്, കൂൾ എന്നിവയടക്കം 1400-ഓളം പാക്കറ്റ് പുകയില ഉത്‌പന്നങ്ങൾ പിടികൂടിയത്.

കർണാടകയിൽനിന്ന് പച്ചക്കറി കയറ്റിവരുന്ന വണ്ടിയിലാണ് പുകയില ഉത്‌പന്നങ്ങൾ ചുങ്കത്ത് എത്തിച്ചത് എന്നാണ് പ്രാഥമികനിഗമനം. കർണാടകയിൽ മൂന്നുരൂപമുതൽ 10 രൂപവരെയുള്ള ഉത്‌പന്നങ്ങൾ കേരളത്തിൽ എത്തിച്ച് 50 രൂപ ഈടാക്കിയാണ് വിൽപ്പനസംഘങ്ങൾ മേഖലയിൽ സജീവമാവുന്നത്‌. ഏറെനാളായി കിടു എന്ന അഷറഫിനെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

താമരശ്ശേരി സി.ഐ. മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ശ്രീജേഷ്, സുരേഷ്, അജിത്, സീനിയർ സി. പി.ഒ. സൂരജ്, സി.പി.ഒ.മാരായ ജിലു സെബാസ്റ്റ്യൻ, ഷൈജൽ, ലേഖ, എം.എസ്.പി.ക്കാരായ സുധീഷ്, അജിത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.