മൂന്നാംതവണയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനന്‍; എസ്.കെ സജീഷ് ഉള്‍പ്പെടെ കമ്മിറ്റിയില്‍ 15 പുതുമുഖങ്ങള്‍


കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനന്‍ തന്നെ തുടരും. ഇത് മൂന്നാം തവണയാണ് പി. മോഹനന്‍ ജില്ലാ സെക്രട്ടറിയാവുന്നത്. സെക്രട്ടറി ഉള്‍പ്പെടെ നാല്‍പ്പത്തിയഞ്ചംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.

ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററായ എസ്.കെ സജീഷ്, കെ.എം സച്ചിന്‍ദേവ് എം.എല്‍.എ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി. വസീഫ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ദീപ തുടങ്ങി പതിനഞ്ച് പേരാണ് ഇത്തവണ ജില്ലാ കമ്മിറ്റിയിലെത്തുന്ന പുതുമുഖങ്ങള്‍. അതേസമയം 12 പേരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുന്നത്.

പി. മോഹനന്‍ ജില്ലാ സെക്രട്ടറിയായിരിക്കെ കോഴിക്കോട് ജില്ലയില്‍പാര്‍ട്ടിക്ക് വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന വിലയിരുത്തലാണ് സമ്മേളനത്തിലുണ്ടായത്. ജില്ലയില്‍ ലോക്കല്‍ കമ്മിറ്റിയുടെയും ഏരിയ കമ്മിറ്റിയുടെയും എണ്ണം കൂടിയതിനൊപ്പം പാര്‍ട്ടിയിലെ അംഗ സംഖ്യയും കൂടിയിട്ടുണ്ടെന്നുള്ള നിഗമനത്തില്‍ എത്തിയിരിക്കുകയാണ് സി.പി.എം.

വൈകിട്ട് സമാപന സമ്മേളനം കടപ്പുറത്തെ സ്വാതന്ത്ര്യചത്വരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 16 ഏരിയാ സമ്മേളനങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 208 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 250 പേരാണ് കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. കോഴിക്കോട്ടെ 2000 കേന്ദ്രങ്ങളില്‍ സമ്മേളനം തത്സമയം സംപ്രേഷണം ചെയ്യും.