‘മുഹമ്മദ് റിയാസിന്റെത് വിവാഹമല്ല, വ്യഭിചാരം, സ്വവർഗരതിക്ക് നിയമ പ്രാബല്യം വേണമെന്ന് പറയുന്നവരാണ് കമ്യൂണിസ്റ്റുകാർ’; വിവാദ പ്രസംഗവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി (വീഡിയോ കാണാം)
കോഴിക്കോട്: അധിക്ഷേപകരമായ പ്രസംഗവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ വിവാഹം ചെയ്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെത് വ്യഭിചാരമാണെന്ന് പറഞ്ഞ അദ്ദേഹം ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളും നടത്തി.
‘മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ… ഇത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം,’ അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു. സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിയിൽ പ്രസംഗിക്കുമ്പോഴാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് ശ്രമിച്ചാലും മുസ്‌ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള ‘വിഡ്ഢിത്തം’ സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡി.വൈ.എഫ്.യാണെന്നോർക്കണം.ഒരു മുസ്ലീമിന‍് ഒരിക്കലും കമ്യൂണിസ്റ്റ് ആവാൻ കഴിയില്ല. ഏത് രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചാലും കുഴപ്പമില്ല കമ്യൂണിസ്റ്റ് പാർട്ടിക്ക് അനുകൂലമായി ചിന്തിച്ചാൽ തന്നെ അവൻ കാഫിറാണ‍്. ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാര്‍ട്ടിയാണ്.
കഴിഞ്ഞ നവംബര്‍ ഒൻപതിന് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ തീരുമാനമായി. നേരത്തെ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ലീഗ് എതിർക്കുകയും മതസംഘടനകള്‍ യോഗം ചേരുകയും ചെയ്തിരുന്നു.
ലീഗ് നേതാവായ എം.കെ. മുനീർ സാമുഹ്യ നീതി വകുപ്പ് മന്ത്രിയായിരിക്കെയാണ് കേരളത്തിൽ ട്രാൻസ്ജെന്റർ പോളിസി അവതരിപ്പിച്ചത്. ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജന്റർ പോളിസി കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. അതിന് ചുക്കാൻ പിടിച്ച മുനീറിന്റെ സാന്നിധ്യത്തിലായിരുന്നു ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചു കൊണ്ടുള്ള ലീഗ് നേതാവിന്റെ പ്രസംഗം.