മുഹമ്മദ് ഇവാന് എഴുന്നേറ്റ് നടക്കാന്‍ 18 കോടിയിലധികം രൂപയുടെ മരുന്ന് വേണം; ചങ്ങരോത്തെ രണ്ടരവയസുകാരന്റെ ചികിത്സയ്ക്കായി ജനകീയ കമ്മിറ്റി രൂപവത്കരിക്കുന്നു
പേരാമ്പ്ര: മാരകമായ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച പിഞ്ചുകുഞ്ഞിന്റെ ചികിത്സ സഹായത്തിന് ജനകീയ കമ്മിറ്റി രൂപവത്കരിക്കുന്നു. ചങ്ങരോത്ത് പഞ്ചായത്ത് പാലേരിയിലെ കല്ലുള്ളതില്‍ നൗഫലിന്റെ മകന്‍ മുഹമ്മദ് ഇവാന്‍ എന്ന രണ്ടു വയസ്സുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ടു വയസ്സായിട്ടും എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത കുട്ടിക്ക് കഴിഞ്ഞ ഒരുവര്‍ഷമായി പലവിധ ചികിത്സകള്‍ നടത്തിവരുകയായിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് കുട്ടിക്ക് എസ്.എം.എയുടെ രോഗലക്ഷണങ്ങളാണെന്ന് തെളിഞ്ഞത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഭീമമായ തുക കണ്ടെത്തിയാല്‍ മാത്രമേ ഈ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ.
18 കോടി രൂപയിലധികം വിലവരുന്ന മരുന്ന് രണ്ടു മാസത്തിനകം ലഭ്യമായാലേ ചികിത്സ സാധ്യമാകൂ. ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ ഈ നിര്‍ധന കുടുംബത്തിനാവില്ല. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിക്കാനും ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പാലേരി മദ്‌റസയില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടക്കും. വടകര എം.പി കെ. മുരളീധരന്‍, പേരാമ്പ്ര എം.എല്‍.എ ടി.പി. രാമകൃഷണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി എന്നിവര്‍ പങ്കെടുക്കും.