മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഒരുക്കി കീഴരിയൂര്‍


കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്തിലെ 8 വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്. വിശദമായ സര്‍വ്വെ നടത്തി പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി. തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ തലത്തിലും, പ്രാദേശിക തലത്തിലും വിഭവ സമാഹരണം ഒരുക്കിയാണ് പദ്ധതി ലക്ഷ്യത്തിലെത്തിയത്.

പ്രധാനാധ്യാപകര്‍, പി.ടി.എ, മദര്‍ പി.ടി എ പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍ ,നോഡല്‍ ഓഫീസര്‍മാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ അധ്യാപകര്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, വാര്‍ഡ് സമിതികള്‍ ,സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളില്‍ ഉള്ളവര്‍ പദ്ധതിയുമായി സഹകരിച്ചു. പദ്ധതിയുടെ ഭാഗമായി റെയ്ഞ്ച് പ്രശ്‌നം അനുഭവിക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തുകയും പരിഹാര പ്രവര്‍ത്തനം നടത്തുന്നതിനായി നെറ്റ് വര്‍ക്ക് ദാതാക്കളുടെ യോഗവും പഞ്ചായത്തില്‍ ചേരുകയുണ്ടായി. പ്രാദേശിക പഠന കേന്ദ്രങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പൊതു വൈഫൈ സംവിധാനം ഉറപ്പ് വരുത്താനും തീരുമാനമായിട്ടുണ്ട്.

ഒപ്പം പദ്ധതിയുടെ പ്രഖ്യാപനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലന്‍ നായര്‍ അധ്യക്ഷനായി. പി.ഇ.സി ജോയിന്‍ കണ്‍വീനര്‍ ഇ.എം.രാമദാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ എന്‍.എം സുനില്‍ ( ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) നിഷ വല്ലിപ്പടിക്കല്‍ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍) ഐ.സജീവന്‍ ( ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍) അമല്‍സരാഗ (വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍) കെ.സി.രാജന്‍ ( കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം) അനുരാജ് .വി (ബി.പി.സി മേലടി) അന്‍സാര്‍ .കെ (സെക്രട്ടറി ഗ്രാമപഞ്ചായത്ത്) ഗീത .പി (എസ്. വി.എ.എസ്.എസ് നടുവത്തൂര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മല സ്വാഗതവും, പി.ഇ.സി കണ്‍വീനര്‍ പി.പി.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.