മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു; സ്പില്‍വേയുടെ മൂന്ന്, നാല് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ ഉയര്‍ത്തി


കുമളി: ജ​ല​നി​ര​പ്പ്​ ഉ​യ​ർന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു. രാവിലെ ഏഴര മണിയോടെ അണക്കെട്ടിനോട് ചേർന്നുള്ള സ്പിൽവേയുടെ 3, 4 ഷട്ടറുകളാണ് 35 സെന്റീമീറ്റര്‍ ഉയർത്തിയത്. രണ്ട് ഷട്ടറുകളിൽ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.

സ്പിൽവേ ഷട്ടറുകൾ തുറന്നാൽ ആദ്യം വെള്ളം എത്തുക ജനവാസ മേഖലയായ വള്ളക്കടവിലാണ്. തുടർന്ന് വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ വഴി ഒമ്പത് മണിയോടെ ഇടുക്കി ജലസംഭരണിയിൽ വെള്ളം എത്തിച്ചേരും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.25 അടി മാത്രമാകും ഉയരുക.

മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ട്

138.75 അ​ടി​യാ​ണ്​ അണക്കെട്ടിലെ നിലവിലെ ജ​ല​നി​ര​പ്പ്. വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത്​ നി​ന്ന്​ സെ​ക്ക​ൻ​ഡി​ൽ 5800 ഘ​ന​യ​ടി (ക്യുസെക്സ്) ജ​ല​മാ​ണ് അണക്കെട്ടിലേക്ക് ഒ​ഴു​കി എ​ത്തു​ന്ന​ത്. തമിഴ്നാട് സെക്കൻഡിൽ 2335 ഘനയടി വെള്ളമാണ് ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നത്.

ജലനിരപ്പ് 138 അടിയിൽ നിജപ്പെടുത്തണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് അണക്കെട്ട് തുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. 2018 പ്രളയത്തിന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഭാഗമായ സ്പിൽവേ ഷട്ടറുകൾ

ഇടുക്കിയിലെ ജലനിരപ്പ് നിലവിൽ 2398.30 അടിയാണ്. നിലവിലെ റൂൾ കർവ് 2398.31 അടിയായതിനാൽ ചെറുതോണി അണക്കെട്ട് ഇന്ന് വൈകിട്ട് നാലു മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാൻ സാധ്യതയുണ്ട്. അണക്കെട്ട് തുറക്കാനുള്ള അനുമതി ഇടുക്കി ജില്ലാ കലക്ടർ നൽകിയിട്ടുണ്ട്.

അണക്കെട്ട് ​തു​റ​ക്കു​ന്ന​തി​ന് എ​ല്ലാ മു​ന്നൊ​രു​ക്ക​വും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ൻ അ​റി​യി​ച്ചു. അണക്കെട്ട് ​തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​യി​ലും ശ​ക്ത​മാ​യ ജാ​ഗ്ര​ത ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മുല്ലപ്പെരിയാർ മുതൽ ഇടുക്കി വരെയുള്ള 24 കിലോമീറ്റർ മുല്ലയാറിൽ ഏകദേശം 60 സെന്‍റീമീറ്റർ താഴെ മാത്രമാണ് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളൂ.

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശം

അണക്കെട്ട് തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് വ​രെ 330 കു​ടും​ബ​ങ്ങ​ളി​ൽ​ നി​ന്നാ​യി 1036 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ജ​ല​വി​ഭ​വ മ​ന്ത്രിയെ കൂടാതെ സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യൂ മന്ത്രി കെ. രാജനും മുല്ലപ്പെരിയാറിൽ എത്തിയിട്ടുണ്ട്.