മുല്ലപ്പള്ളി കൊയിലാണ്ടിയില്‍ മത്സരിക്കണം; പ്രതീക്ഷയോടെ ജില്ലാ നേതൃത്വം
കോഴിക്കോട്: ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന കൊയിലാണ്ടി മണ്ഡലം ഏത് വിധേനയും തിരിച്ച് പിടിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. കഴിഞ്ഞ മൂന്ന് ടേമിലും കൊയിലാണ്ടിയില്‍ വിജയിച്ചത് സിപിഎം ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇതിന്റെ പിന്‍ബലത്തിലാണ് കൊയിലാണ്ടിയില്‍ പ്രമുഖരെയിറക്കി കളം പിടിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നത്.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ധാരണ ആയതോടെ മത്സരിക്കുന്നെങ്കില്‍ കൊയിലാണ്ടിയില്‍ തന്നെ മുല്ലപ്പള്ളിയിറങ്ങണമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ പൊതുവികാരം. നിലവില്‍ മുല്ലപ്പള്ളി കല്‍പ്പറ്റയില്‍ മത്സരിക്കുമെന്ന സൂചനയാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്.
കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലമായ കല്‍പ്പറ്റയില്‍ ആര് മത്സരിച്ചാലും വിജയമുറപ്പാണെന്നാണ് നേതൃത്വം കരുതുന്നത്. മാത്രമല്ല രാഹുല്‍ ഗാന്ധി ഇഫക്ടും ഇവിടെ സഹായിക്കും. എന്നാല്‍ വര്‍ഷങ്ങളായി എല്‍ഡിഎഫിന്റെ കൈവശമുള്ള കൊയിലാണ്ടി പോലുള്ള സീറ്റ് പിടിച്ചെടുക്കണമെങ്കില്‍ കരുത്തനായ സ്ഥാനാര്‍ഥി തന്നെ വേണം. അതുകൊണ്ടു തന്നെ മുല്ലപ്പള്ളി കൊയിലാണ്ടിയില്‍ മത്സരിക്കണമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.
ഏറെക്കാലം കോണ്‍ഗ്രസിന് ഒപ്പം നിന്നിരുന്ന കൊയിലാണ്ടി മുല്ലപ്പള്ളി മത്സരിക്കുകയാണെങ്കില്‍ തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. കെ.പി.സി.സി അധ്യക്ഷ പദവിയും, കോഴിക്കോട്ടുകാരനായതും മുല്ലപ്പള്ളിക്ക് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. 2009 ലെയും 2014 ലെയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മുല്ലപ്പള്ളി മത്സരിച്ചപ്പോള്‍ കൊയിലാണ്ടിയില്‍ വലിയ ലീഡ് ലഭിച്ചിരുന്നതടക്കമുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
കോണ്‍ഗ്രസ് മണ്ഡലമായിരുന്ന കൊയിലാണ്ടി 1996-ലാണ് കോണ്‍ഗ്രസിന് നഷ്ടമാകുന്നത്. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ശങ്കരനിലൂടെ സീറ്റ് തിരിച്ച് പിടിച്ചുവെങ്കിലും 2006-ല്‍ വീണ്ടും നഷ്ടമായി. 2006 മുതല്‍ സിപിഎമ്മിനൊപ്പമാണ് കൊയിലാണ്ടി.
2006 ല്‍ പി.വിശ്വനും, 2011, 2016 ല്‍ കെ.ദാസനുമാണ് കൊയിലാണ്ടിയില്‍ നിന്നും നിയമസഭയിലെത്തിയത്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഇവിടെ ലഭിച്ച ഉജ്വല വിജയം ഇത്തവണയും കൊയിലാണ്ടിയില്‍ വിജയമാവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ എല്‍ഡിഎഫിന് നല്‍കുന്നു. എങ്കിലും പ്രമുഖരെയിറക്കി കൊയിലാണ്ടി തിരിച്ച് പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക