മുറ്റത്ത് പണി നടയ്ക്കുന്നതിനിടെ കിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് പേരാമ്പ്ര സ്വദേശി; കിട്ടിയത് 15 വര്‍ഷം മുമ്പ് കളഞ്ഞുപോയ ആഭരണം
പേരാമ്പ്ര: പതിനഞ്ച് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണാഭരണം അയല്‍വാസി വീട്ടിലെത്തിച്ചപ്പോള്‍ കിഴിഞ്ഞാണ്യം പാറക്കെട്ടില്‍ സലാമിന് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമായിരുന്നു. അത് കാണാതായ ആഭരണം തിരിച്ചുകിട്ടിയതുകൊണ്ട് മാത്രമായിരുന്നില്ല ആഭരണം എത്തിച്ചുനല്‍കിയ സുഹൃത്ത് തൈവയല്‍ ഹംസയെക്കുറിച്ചോര്‍ത്തുള്ള അഭിമാനം കൊണ്ട് കൂടിയായിരുന്നു.
സംഭവത്തെക്കുറിച്ച് സലാം വിശദീകരിക്കുന്നു: ‘കഴിഞ്ഞദിവസം ഹംസയുടെ വീട്ടില്‍ മതിലു പണി നടക്കുകയായിരുന്നു. പണിയ്ക്കിടെ മണ്ണിനടിയില്‍ നിന്നും ഒരു പാദസരം കളഞ്ഞുകിട്ടി. ഹംസയുടെ വീട്ടില്‍ നിന്നും അങ്ങനെയൊന്ന് കളഞ്ഞുപോയിട്ടില്ല. പിന്നെയിതാരുടേത് എന്ന ചിന്തയിലായിരുന്നു വീട്ടുകാര്‍. ഇതിനിടയിലാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ മകളുടെ പാദസരം വീണുപോയ കാര്യം ഓര്‍മ്മയില്‍ തെളിയുന്നത്. അങ്ങനെയാണ് എന്നെ വിളിച്ച് കാര്യം ചോദിക്കുന്നത്. അന്ന് നഷ്ടപ്പെട്ട പാദസരം തിരിച്ചുകിട്ടിയിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. കിട്ടിയ പാദസരം കാണിച്ചുതന്നപ്പോള്‍ 15 വര്‍ഷം മുമ്പ് കാണാതെപോയ അതേ പാദസരം തന്നെ. ഹംസ സന്തോഷത്തോടെ അതെന്നെ ഏല്‍പ്പിക്കുകയും ചെയ്തു.’
ഹംസയെ അഭിനന്ദിക്കാന്‍ വാര്‍ഡ് മെമ്പര്‍ എത്തിയപ്പോള്‍
തന്റെ മകള്‍ മാജിതയുടേതായിരുന്നു പാദസരമെന്ന് സലാം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇപ്പോള്‍ 20 വയസുള്ള മാജിത ഭര്‍ത്താവിന്റെ വീട്ടിലാണ്. ഹംസയുടെ മകളും മാജിതയും സുഹൃത്തുക്കളായിരുന്നു. ഇപ്പോള്‍ മതിലുപണിയുന്ന സ്ഥലത്ത് പണ്ട് ഇവര്‍ കളിക്കാറുണ്ടായിരുന്നു. അന്ന് കളിയ്ക്കുന്നതിനിടെ നഷ്ടപ്പെട്ടതാണ് പാദസരം. ഏറെ സമയം അവിടെയെല്ലാം നോക്കിയെങ്കിലും കിട്ടിയിരുന്നില്ലെന്നും സലാം പറഞ്ഞു.
ഇന്ന് വര്‍ഷങ്ങള്‍ക്കുശേഷം പാദസരം കിട്ടിയതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മകള്‍ മാജിതയ്ക്കും അത്ഭുതമായെന്ന് സലാം. കിഴിഞ്ഞാണ്യം വാര്‍ഡ് മെമ്പര്‍ അര്‍ജുണ്‍ കറ്റയാട്ട് ഹംസയുടെ വീട്ടിലെത്തി അദ്ദേഹത്തെ അഭിനന്ദിച്ചു.