മുറിനടക്കല്‍ പാലത്തിന് തറക്കല്ലിട്ടു; ഒരുവര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്


പേരാമ്പ്ര: കീഴരിയൂര്‍-തുറയാര്‍ പൊടിയാടി റോഡിലെ ചിറ്റടിതോടിനു കുറുകെയുള്ള മുറിനടക്കല്‍ പാലത്തിന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് തറക്കല്ലിട്ടു. ചടങ്ങില്‍ പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

ഒരുവര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഈ കാലാവധിക്ക് മുമ്പു തന്നെ മുറിനടക്കല്‍ പാലത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നതിന് മന്ത്രി എന്ന നിലയില്‍ നേതൃപരമായ പങ്ക് വഹിക്കുമെന്നും പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഹമ്മദ് റിയാസ് ഉറപ്പു നല്‍കി.

ഈ പാലങ്ങങ്ങള്‍ വന്നുകഴിഞ്ഞാല്‍ ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതവര്‍ധിക്കും. തുറയൂര്‍ പഞ്ചായത്തിലെ ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളുടെ സമഗ്രവികസന നീക്കങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും മന്ത്രി പ്രഖ്യാപിച്ചു. 22 മീറ്റര്‍ നീളമുള്ള മുറിനടക്കല്‍ പാലത്തിന് നാലുകോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്.

പാലം പണി പൂര്‍ത്തിയാകുന്നതോടെ കീഴരിയൂരില്‍ നിന്നും തുറയൂര്‍ എത്തിച്ചേരുന്ന എളുപ്പമുള്ള വഴി തുറന്നുകിട്ടുമെന്ന് ചടങ്ങില്‍ ആധ്യക്ഷം വഹിച്ച പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇത് കേവലം കീഴരിയൂരിന്റെയും തുറയൂരിന്റെയും പ്രശ്‌നം മാത്രമല്ല. കൊയിലാണ്ടിയില്‍ നിന്നും എളുപ്പവഴിക്ക് പയ്യോളിയിലും വടകരയിലും തുടര്‍ന്ന് അങ്ങോട്ടുമുള്ള യാത്രയിലും സഹായകരമാകുന്ന ഒരു സമാന്തരപാതയായി ഈ റോഡ് വികസിച്ചുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ റോഡിന്റെ ഭാഗമായ നടക്കല്‍ പാലത്തിന്റെ തറക്കല്ലിടല്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ നിര്‍വഹിക്കുകയും പാലത്തിന്റെ പ്രവൃത്തി നല്ലനിലയില്‍ പുരോഗമിച്ചുവരികയാണ്. അതേ കമ്പനി തന്നെയാണ് മുറിനടക്കല്‍ പാലത്തിന്റെയും കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരേ കമ്പനി തന്നെയാണ് ഇരുപാലങ്ങലുടെയും പണി നടത്തുന്നതെന്നതിനാല്‍ എളുപ്പത്തില്‍ ഈ പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാനും ഗതാഗത യോഗ്യമാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.