മുന് മന്ത്രിക്കെതിരെ അധിക്ഷേപം: പെരുവണ്ണാമൂഴി എഫ്.എച്ച്.സി ജീവനക്കാരിയെ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ സസ്പെന്ഡ് ചെയ്തു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സുനിലിനെയും മുൻ മന്ത്രി എം.എം. മണി എം.എൽ.എയേയും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതായും പൊതുജനങ്ങൾക്ക് സേവനം നൽകുന്നതിൽ വീഴ്ച്ച വരുത്തിയതായും ആരോപിച്ച് പെരുവണ്ണാമൂഴി കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സുനിൽ സസ്പെൻഡ് ചെയ്തു. ജെ.പി.എച്ച്.എൻ ഗ്രേഡ് 2 സിൻസി പോളിനെതിരെയാണ് അച്ചടക്ക നടപടി.
1994 ലെ കേരള പഞ്ചായത്തീരാജ് ആക്ട് വകുപ്പ് 181, 1997-ലെ കേരള പഞ്ചായത്തീ രാജ് (ഉദ്യോഗസ്ഥന്മാരുടെ മേൽ നിയന്ത്രണം ചട്ടങ്ങൾ )1959 ലെ കേരള സർവിസ് റൂൾസ് പാർട്ട് (1), 1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ, 1960 -ലെ കേരള സിവിൽ സർവിസ് (ക്ലാസിഫിക്കേഷൻ കൺട്രോൾ ആൻഡ് ചട്ടങ്ങൾ ) എന്നിവ പ്രകാരമാണ് നടപടി.
സിൻസി പോൾ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ആശുപത്രിയിലെത്തിയ മൂന്നു പേരോട് അപമര്യാദയായി പെരുമാറിയെന്ന് ഗ്രാമ പഞ്ചായത്തിന് പരാതി ലഭിച്ചിരുന്നു. വിനോ ബാസ്റ്റ്യൻ ചെറുവത്തൂർ, ശരത്ത് ശശി കോട്ടക്കുന്നുമ്മൽ, ജിഷാൽ പ്രകാശ് പുളിക്കൽ എന്നിവരാണ് പരാതി നൽകിയത്.
ഈ പരാതിയിൽ അന്വേഷണം നടക്കുേമ്പാഴാണ് സമൂഹമാധ്യമങ്ങളിലൂടെ ജീവനക്കാരിയുടെ അധിക്ഷേപമെന്ന് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. ജനപ്രതിനിധികൾക്കെതിരെ അപമാനകരമായ രീതിയിൽ ദുഷ്പ്രചാരണങ്ങൾ നടത്തിയതായും പൊതുജനങ്ങൾക്ക് സേവനം നൽകുന്നതിൽ കുറ്റകരമായ വീഴ്ച വരുത്തിയതായും പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നും പ്രസിഡൻറ് ഉത്തരവിൽ പറയുന്നു.
ഫേസ്ബുക്കിൽ എം.എം. മണിയെ പരിഹസിക്കുന്ന ഒരു പോസ്റ്റ് ഇവർ ഷെയർ ചെയ്തിരുന്നു. കൂടാതെ ‘കേരളത്തിൽ രാജഭരണമാണോ ‘ എന്ന് ചോദിച്ചു കൊണ്ട് സർക്കാറിനെ വിമർശിക്കുന്ന ഒരു വിഡിയോവിൽ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻറ് രാജാവാണെന്ന ഒരു കമൻറും ഇവരുടേതായി വന്നിരുന്നു.