കെ.കുഞ്ഞമ്മദ് മാസ്റ്റർ സി.പി.എം ജില്ല സെക്രട്ടറിയേറ്റിൽ; എസ്.കെ.സജീഷ് ഉൾപ്പടെ കമ്മറ്റിയിൽ മൂന്ന് പേരാമ്പ്രക്കാർ


പേരാമ്പ്ര: സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ പേരാമ്പ്രയില്‍ നിന്ന് മൂന്ന് പേര്‍. മുന്‍ എം.എല്‍.എ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, മുന്‍ പേരാമ്പ്ര ഏരിയ സെക്രട്ടറി എ.കെ.ബാലന്‍, എസ്.കെ സജീഷ് എന്നിവരാണ് കമ്മിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നത്.

കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ ജില്ല സെക്രട്ടറിയേറ്റിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. എ.കെ.ബാലനും ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അംഗവുമായ എസ്.കെ. സജീഷും ജില്ല കമ്മറ്റിയംഗങ്ങളാണ്. ആദ്യമായാണ് എസ്.കെ. സജീഷ് ജില്ലാ കമ്മിറ്റിയിലെത്തുന്നത്.

സമ്മേളനത്തില്‍ 45 അംഗ ജില്ലാ കമ്മിറ്റിയേയും 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയുമാണ് തിരഞ്ഞെടുത്തത്. കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനന്‍ തന്നെ തുടരും. ഇത് മൂന്നാം തവണയാണ് പി. മോഹനന്‍ ജില്ലാ സെക്രട്ടറിയാവുന്നത്. കമ്മിറ്റിയില്‍ 15 പേര്‍ പുതുമുഖങ്ങളും അഞ്ച് പേര്‍ വനിതകളുമാണ്. സംസ്ഥാന സമ്മേളന പ്രതിനിധികളായി 38 പേരേയും സമ്മേളനം തെരഞ്ഞെടുത്തു.