മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ‘ബയോ വെപ്പണ്‍’ പരാമര്‍ശത്തിന്മേല്‍ രാജ്യദ്രോഹകുറ്റം ചുമത്തിയതിനെതിരെ ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്നും ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ല. വിവാദമായതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി നാളെ പരിഗണിക്കും.
അതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദര്‍ശന ദിനത്തില്‍ ഭരണകൂടത്തിനെതിരെ ഐഷ സുല്‍ത്താന രൂക്ഷ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തി. ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കുമെന്നും ഫാസിസം ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഐഷ ഫേസ്ബുക്കില്‍ കുറിച്ചു.