മുത്തൂറ്റ് സമരത്തിന് ഐക്യദാര്‍ഢ്യം; സിഐടിയു മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു


കൊയിലാണ്ടി മുത്തൂറ്റ് ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മുത്തൂറ്റിന്റെ കൊയിലാണ്ടി ശാഖയിലേക്ക് സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കൊയിലാണ്ടി സിപിഎം ഏരിയ കമ്മിറ്റി അംഗം സി.അശ്വനി ദേവ് പരിപാടി ഉദ്ഘാടനം ചെയ്തു.

സി.ഐ.ടി.യു.ഏരിയാ പ്രസിഡന്റ് എം.പത്മനാഭന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ ഷാജി, കെ.കെ സന്തോഷ്, പി സുനീലേശന്‍, എസ് തേജ ചന്ദ്രന്‍ ,എം.ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരം ചെയ്യുന്നത്. വിവിധ ബ്രാഞ്ചുകളില്‍ നിന്നായി പിരിച്ചുവിട്ട 166 ജീവനക്കാരെ തിരിച്ചെടുക്കണമെന്നാണ് സമരക്കാരുടെ അവശ്യം.

ട്രേഡ് യൂണിയന്‍ രൂപീകരിക്കുകയും മിനിമം വേതനം ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് വിവിധ ബ്രാഞ്ചുകളില്‍ നിന്നായി 166 ജീവനക്കാരെ മുത്തൂറ്റ് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ തൊഴില്‍ നഷ്ടമായ ജീവനക്കാരെ ഇതുവരെ തിരിച്ചെടുക്കാന്‍ മാനെജ്‌മെന്റ് തയ്യാറായിട്ടില്ല. നാളിതുവരെ 21ലധികം ചര്‍ച്ചകളാണ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും സിഐടിയുവും ഹൈക്കോടതി നിരീക്ഷകനും ഉള്‍പ്പെടെ മുത്തൂറ്റ് മാനേജ്‌മെന്റുമായി നടത്തിയത്. എന്നിട്ടും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത സാഹചര്യത്തിലാണ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക