മുതുകാട്ടിലെ മാവോയിസ്റ്റ് ഭീകരതക്കെതിരെ ജനകീയ പ്രതിരോധമുയര്‍ത്തി സി.പി.എം


പേരാമ്പ്ര: മാവോയിസ്റ്റ് ഭീകരതക്കെതിരെ മുതുകാട്ടില്‍ ജനകീയ പ്രതിരോധമുയര്‍ത്തി സി.പി.എം. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ഭാഗത്ത് സായുധരായ മാവോയിസ്റ്റുകളെത്തി തുടര്‍ച്ചയായി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനെതിരെയാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി പ്രതിരോധ ഐക്യനിര സംഘടിപ്പിച്ചത്. മുതുകാട് ലോക്കലിലെ 260 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ 3000 ത്തിലധികം പേര്‍ അണിനിരന്നു.

മുതുകാട് പ്രദേശത്ത് ഇരുമ്പയിര് ഖനനം നടക്കാനിടയുണ്ടെന്ന വ്യാജ പ്രചാരണം നടത്തി, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി രാമകൃഷ്ണന്‍, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ എന്നിവര്‍ക്കെതിരെ ഭീഷണി പോസ്റ്റര്‍ പതിക്കുകയും ഒറ്റപ്പെട്ട വീടുകളിലെത്തി തോക്കുചൂണ്ടി ഭക്ഷ്യസാധനങ്ങള്‍ തട്ടിപ്പറിക്കുകയും ചെയ്യുന്നത് ആവര്‍ത്തിക്കുന്നു. മുതുകാട്ടില്‍ ഒരു മാസത്തിനിടെ നാലുതവണ മാവോയിസ്റ്റുകളുടെ അതിക്രമമുണ്ടായി. മാവോയിസ്റ്റുകളെ തുരത്തുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ക്രിയാത്മക നടപടികള്‍ ഉണ്ടാകാത്തതിനാലാണ് ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കാന്‍ സി.പി.എം തീരുമാനിച്ചത്.

നരേന്ദ്രദേവ് ആദിവാസി കോളനിയില്‍ നടന്ന പ്രതിഷേധം ഏരിയാ കമ്മിറ്റി അംഗം എം കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ലോക്കല്‍ സെക്രട്ടറി പി.സി സുരാജന്‍, സി.കെ ശശി, കെ.കെ ബിജു തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.