ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെതിരെ വധഭീഷണി


പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന് മാവോയിസ്റ്റുകളുടെ വധഭീഷണി. മുതുകാട്ടിലെ ഉള്ളാട്ടില്‍ ചാക്കോയുടെ വീട്ടില്‍ കഴിഞ്ഞ ദിവസമെത്തിയ മാവോയിസ്‌റ്‌റുകളാണ് പഞ്ചായത്ത് പ്രസിഡന്റിനെ വധിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ചാക്കോയുടെ വീട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയത്. മലയാളി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘമാണ് മുതുകാട്ടില്‍ എത്തിയത്. രണ്ട് മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ച ഇവര്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് സംസാരിച്ചത്. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വധഭീഷണയും ഇവര്‍ ഉയര്‍ത്തിയിരുന്നു. ഇവരെ പോലീസ് തിരിച്ചറിഞ്ഞു.

തനിക്കെതിരായ വധഭീഷണി വ്യക്തിപരമല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മുതുകാട്ടിലെത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട മലയാളിയായ മൂസയ്ക്ക് നിലമ്പൂരില്‍ പോലീസും മാവോയിസ്റ്റുമായി ഉണ്ടായ ആക്രമണത്തില്‍ സഹോദരനെ നഷ്ടപ്പെട്ടിരുന്നു. അതിന്റെ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

സഹോദരന്റെ മരണത്തിന് കാരണം പിണറായി സര്‍ക്കാറാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. അതിനാല്‍ സി.പി.എമ്മിനോട് ഇവര്‍ക്ക് ദേഷ്യമുണ്ട്. അതിനാലാണ് സി.പി.എം അനുഭാവിയായ തന്നോട് വൈരാഗ്യം വരാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. മുതുകാട്ടിലെത്തിയ സംഘത്തിലുള്‍പ്പെട്ട എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ഒരാള്‍ മലയാളിയായ മൂസയാണ്. മറ്റ് രണ്ട് പേര്‍ കന്നടക്കാരുമാണ്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നംഗ സംഘം മുതുകാടെ ചാക്കോയുടെ വീട്ടില്‍ എത്തിയത്. ലാപ്ടോപ്പും മൊബൈല്‍ ഫോണും പവര്‍ബാങ്കുമെല്ലാം ചാര്‍ജ് ചെയ്തു. രണ്ട് മണിക്കുറോളം വീട്ടില്‍ ചിലവിട്ട ഇവര്‍ അച്ചടിച്ചതും കൈയെഴുത്തുമായ പോസ്റ്ററുകള്‍ വീട്ടുകാര്‍ക്ക് നല്‍കുകയും ചെയ്തു. രണ്ടു മണിക്കൂറോളം വീടിനുള്ളില്‍ ചെലവഴിച്ച ഇവര്‍ സര്‍ക്കാരുകള്‍ക്കെതിരായും പയ്യാനിക്കോട്ടയിലെ ഇരുമ്പയിര് ഖനനനീക്കത്തിനെതിരായുമൊക്കെയാണ് സംസാരിച്ചത്. ഖനനനീക്കംനടന്ന കരിങ്കല്‍പ്പാറയ്ക്ക് സമീപത്താണ് ഈ വീട്. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ വീടും ഇതിനടുത്താണ്. പഞ്ചായത്ത് പ്രസിഡന്റിനെതിരായ ഭീഷണി ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിക്കും ഖനനമാഫിയയ്ക്കുമെതിരായ കാര്യങ്ങളാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. നേരത്തേ മുതുകാട് നാലാം ബ്ലോക്കിലെ ഉദയനഗര്‍ ഭാഗത്ത് പതിച്ചിരുന്ന പോസ്റ്ററുകള്‍ ഇതുതന്നെയായിരുന്നു.