മുതുകാടിലെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു


പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. മുതുകാട് താമസിക്കുന്ന പേഴത്തിങ്കല്‍ വര്‍ക്കിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെയാണ് കുരുക്ക് വെച്ച് പിടിച്ചതിന് ശേഷം വെടി വച്ചു കൊന്നത്.

ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെയാണ് വര്‍ക്കിയുടെ കൃഷിയിടത്തിലിറങ്ങിയ പന്നി കുരുക്കില്‍ വീണത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുകയുമാണ് ഉണ്ടായത്.

കഴിഞ്ഞ ദിവസം മുതുകാട് സി.എം.സി കോണ്‍വെന്റിലെ കൃഷിയിടത്തിലെത്തിയ കാട്ടു പന്നിയെ കെണിവെച്ച് പിടികൂടിയിരുന്നു. സിസ്റ്റര്‍ ജോഫിയാണ് പന്നിയെ പിടികൂടിയത്. കെണിയില്‍ പന്നി കുരുങ്ങിയ കാര്യം വനം വകുപ്പ് ജീവനക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ പന്നിയെ ഏറ്റെടുക്കുകയായിരുന്നു. പന്നിയെ കൊല്ലുവാന്‍ കോടതി അനുമതി നല്‍കിയ 13 പേരില്‍ ഒരാളാണ് സിസ്റ്റര്‍ ജോഫി.

കാട്ടുപന്നികള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് പതിവായതോടെയാണ് വി.ഫാ കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ വര്‍ക്കിയും കോടതിയെ സമീപിച്ചത്. ഒടുവില്‍ ക്യഷിയിടത്തില്‍ എത്തുന്ന പന്നിയെ കൊല്ലുവാന്‍ കോടതി 13 പേര്‍ക്ക് അനുമതി നല്‍കി. കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കാണ് പന്നിയെ കൊല്ലുവാനുള്ള അനുമതി ലഭിച്ചത്. ഇവര്‍ക്കൊപ്പം ഒരു വയനാട് സ്വദേശിക്കും അനുമതി ലഭിച്ചിട്ടുണ്ട്.