മുതിര്‍ന്ന അര്‍ബുദ രോഗ ചികിത്സാവിദഗ്ധന്‍ ഡോ.എം.കൃഷ്ണന്‍ നായര്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന അര്‍ബുദ രോഗ ചികിത്സാവിദഗ്ധന്‍ ഡോ.എം. കൃഷ്ണന്‍ നായര്‍(81) അന്തരിച്ചു. തിരുവനന്തപുരം ആര്‍.സി.സി സ്ഥാപക ഡയറക്ടറാണ്. അര്‍ബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. കേരളത്തിലെ ക്യാന്‍സര്‍ ചികിത്സ രംഗത്ത് നൂതനമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത് ഡോ. എം. കൃഷ്ണന്‍ നായരായിരുന്നു.
ലോകാരോഗ്യ സംഘടനയിലെ കാന്‍സര്‍ ഉപദേശകസമിതി അംഗമായി പ്രവര്‍ത്തിച്ചു. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ റിസര്‍ച്ച് പ്രൊഫസറുമാണ്.
19631 ലാണ് കേരള സര്‍വകലാശാലയില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടുന്നത്. 1968 ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് റേഡിയോ തെറാപ്പി ക്ലിനിക്കല്‍ ഓങ്കോളജിയില്‍ ബിരുദാനന്തരബിരുദം നേടി. 1972 ല്‍ ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് റേഡിയോളജിയില്‍ നിന്ന് ക്ലിനിക്കല്‍ ഓങ്കോളജിയിലും ബിരുദം നേടി.
ആര്‍.സി.സിയുടെ സ്ഥാപകന്‍ എന്ന നിലയിലും വലിയ സംഭവനകള്‍ നല്‍കി. ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും സമഗ്രവുമായ ക്യാന്‍സര്‍ സെന്ററായി ആര്‍.സി.സിയെ മാറ്റിയതില്‍ കൃഷ്ണന്‍ നായര്‍ വലിയ പങ്ക് വഹിച്ചു. കമ്മ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി. ദേശീയ ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി തയ്യാറാക്കിയതിലും വലിയ പങ്ക് വഹിച്ചു.