മുട്ടയിടുന്ന കോഴികളായിരുന്നു, നൊച്ചാട് കോവിഡ് ബാധിതന്റെ കോഴികളെ വിഷം കൊടുത്തു കൊന്നതായി പരാതി
പേരാമ്പ്ര: കോവിഡ് ബാധിതന്റെ കോഴികളെ വിഷം കൊടുത്ത് കൊന്നതായി പരാതി. നൊച്ചാട് സ്വദേശി കളരിപറമ്പത്ത് ജസീലിന്റെ കോഴികളെയാണ് കൊന്നത്. മുട്ടയിടുന്ന ഗിനി കോഴികളും കരിങ്കോഴികളും ഉള്‍പ്പെടെയാണ് വിഷം തിന്ന് ചത്തത്.
കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞിരുന്നതിനാല്‍ പുറത്തൊന്നും പോയിരുന്നില്ല. അതിനാല്‍ കോഴികള്‍ക്ക് തീറ്റ വാങ്ങാനും സാധിച്ചില്ല. അതുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ കോഴികളെ തുറന്നുവിട്ടിരുന്നു. അയല്‍വാസിയുടെ പറമ്പില്‍ വിഷം വിതറിയതാണ് കോഴികള്‍ ചത്തൊടുങ്ങാനന്‍ കാരണമെന്ന് ജസീല്‍ ആരോപിച്ചു.
ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് അയല്‍വാസിയുടെ സ്ഥലത്ത് മറ്റൊരു അയല്‍വാസി വിഷം വിതറിയതെന്ന് പേരാമ്പ്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ ജസീല്‍ ചൂണ്ടിക്കാട്ടി. മിണ്ടാപ്രാണികളായ കോഴികളോട് നടത്തിയ ക്രൂരതയ്‌ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ജസീല്‍ ആവശ്യപ്പെട്ടു.