മുടപ്പിലാവില്‍ ചിറയില്‍ മുങ്ങിമരിച്ചത് മണിയൂര്‍ സ്വദേശി ജിജിന്‍; അപകടം കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനെത്തിയപ്പോള്‍


പയ്യോളി: മുടപ്പിലാവില്‍ ചിറയില്‍ മുങ്ങിമരിച്ചത് മണിയൂര്‍ സ്വദേശി ജിജിന്‍. മണിയൂര്‍ പഞ്ചായത്തിലെമുടപ്പിലാവില്‍ കടത്തനാട് കോളേജിനു സമീപം ഓണിയം പറമ്പത്ത് ജിജിന്‍ (കിച്ചു – 28) ആണ് ചിറയില്‍ മുങ്ങി മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ചിറയില്‍ കുളിക്കാനെത്തിയപ്പോഴാണ് അപകടം നടന്നത്.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ജിജിനും സുഹൃത്തുക്കളും ചിറയില്‍ കുളിക്കാനെത്തിയത്. കരയില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിയ ജിജിന്‍ പിന്നീട് പൊങ്ങിയില്ല. തുടര്‍ന്ന് നാട്ടുകാരും ചിറയില്‍ കുളിക്കാനും നീന്താനും എത്തിയവരും തിരച്ചില്‍ നടത്തി. പിന്നീട് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വടകരയിൽനിന്ന് അഗ്നിശമനസേനയും പേരാമ്പ്രയിൽനിന്ന് സേനയിലെ മുങ്ങൽവിദഗ്ദരും സ്ഥലത്തെത്തി. ഇവരുടെ നേതൃത്വത്തിൽ നടത്തിയ തിരിച്ചിലിനൊടുവിൽ രാത്രി എട്ട് മണിയോടെയാണ് ജിജിന്റെ മൃതദേഹം ചിറയില്‍ നിന്ന് കണ്ടെത്തുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വിദേശത്ത് ജോലി ചെയ്ത ശേഷമാണ് എതാനും മാസം മുമ്പാണ് ജിജിന്‍ നാട്ടിലെത്തിയത്. ഇപ്പോള്‍ നാട്ടില്‍ നിര്‍മാണ തൊഴിലാളിയായി ജോലിചെയ്യുന്നു.
അച്ഛന്‍: രാജു. അമ്മ: വത്സല. സഹോദരി: ജിന്‍സി.

കഴിഞ്ഞ വര്‍ഷം ചിറയില്‍ നവീകരണ പ്രവൃത്തി തുടങ്ങിയിരുന്നു. ഒരു കോടി രൂപ ചിലവഴിച്ചാണ് നവീകരണം നടത്തിയത്. ഇതിന് ശേഷം ചിറയുടെ ആഴം വര്‍ധിച്ചിരുന്നു. കുളിക്കാനും നീന്താനുമായി എത്തുന്നവരോട് അപകടകരമായ നിലയില്‍ ആഴമുള്ള ചിറയില്‍ സുരക്ഷിതത്വമില്ലാതെ ഇറങ്ങരുതെന്ന് പരിസരവാസികള്‍ പറയാറുണ്ട്.

അടുത്തയിടെ രണ്ട് പേര്‍ ചിറയില്‍ മുങ്ങിപ്പോയിരുന്നു. പരിസരവാസികള്‍ കൃത്യസമയത്ത് എത്തിയതിനാലാണ് ഇവരെ രക്ഷിക്കാനായത്. അതിന് ശേഷം ചിറയില്‍ ഇറങ്ങുന്നത് താല്‍ക്കാലികമായി വിലക്കാന്‍ പഞ്ചായത്ത് ആലോചിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ചിറയില്‍ വീണ്ടും അപകടമുണ്ടായത്.