മുചുകുന്ന് സ്വദേശിയുടെ കാർ മോഷ്ടിച്ച് കടന്നു കളഞ്ഞു; മീത്തലെ പുത്തലത്ത് ഷെരീഫിനായി തിരച്ചിൽ തുടരുന്നു


കൊയിലാണ്ടി: മൂടാടി മുചുകുന്ന് സ്വദേശിയുടെ കാറുമായി കടന്നുകളഞ്ഞതായി പരാതി. രാരോത്ത് ആർ.ജി.അശ്വന്തിന്റെ ഉടമസ്ഥതയിലുള്ള മാരുതി വിറ്റാര ബ്രിസ കാർ (നമ്പർ: KL 56, U 1738) ആണ് മോഷ്ടിക്കപ്പെട്ടത്. വടകര അടക്കാതെരു, മീത്തലെ പുത്തലത്ത് ഷരീഫ് ആണ് കാറുമായി കടന്നുകളഞ്ഞത്.

കാർ വാങ്ങാൻ വന്നയാളായാണ് ഷെരീഫ് അശ്വന്തിന്റെ അടുത്തെത്തിയത്. തുടർന്ന് കാർ ഓടിച്ചു നോക്കുക എന്ന വ്യാജേന എടുത്തു കൊണ്ടുപോകുകയായിരുന്നു. മാർച്ച് 18 ന് വടകര റൂറൽ എസ്പിക്ക് പരാതി നൽകി അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇയാളെയോ, വാഹനത്തെയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഷെരീഫ് ഇപ്പോൾ തൃശ്ശൂർ കയ്പമംഗലത്താണ് താമസം എന്ന് മനസ്സിലാക്കി പോലീസ് വീട്ടിൽ എത്തിയെങ്കിലും, ഇയാൾക്ക് ഇപ്പോൾ വീടുമായി ഒരു ബന്ധവും ഇല്ലെന്നാണ് ഭാര്യയും ബന്ധുക്കളും പറഞ്ഞത്. ഇയാളുടെ പേരിൽ വേറെയും വാഹന തട്ടിപ്പു കേസുകൾ ഉണ്ടെന്നാണ് കയ്പമംഗലം പോലീസ് പറയുന്നത്.

ഷെരീഫിനെക്കുറിച്ചോ, വാഹനത്തെപ്പറ്റിയോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 8289828583, 7994648877 എന്ന നമ്പറിലേക്കോ അറിയിക്കണമെന്ന് അശ്വന്ത് ആവശ്യപ്പെട്ടു.