മുചുകുന്ന് നിന്ന് വാഹനം മോഷ്ടിച്ച കുപ്രസിദ്ധ വാഹനക്കള്ളൻ പിടിയിൽ; കുടുക്കിയത് കൊയിലാണ്ടി പോലീസ്, പ്രതിക്കെതിരെ സമാനമായ നിരവധി കേസുകൾ
കൊയിലാണ്ടി: മൂടാടി മുചുകുന്ന് സ്വദേശിയുടെ കാറുമായി കടന്നുകളഞ്ഞ വടകര മീത്തലെ പുത്തലത്ത് ഷഫീർ (31) നെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തു. തൃശ്ശൂർ കയ്പ്പമംഗലത്ത് വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കൊയിലാണ്ടി എസ്.ഐ മുരളീധരൻ, എഎസ്ഐ കെ.ടി.പ്രകാശൻ, സീനിയർ സിവിൽ പോലീസ് വിജു വാണിയംകുളം, സിപിഒ ഷിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഷഫീറിനെ പിടികൂടിയത്.
മുചുകുന്ന് രാരോത്ത് ആർ.ജി അശ്വന്തിന്റെ ഉടമസ്ഥതയിലുള്ള മാരുതി വിറ്റാര ബ്രിസ കാർ ആണ് മോഷ്ടിക്കപ്പെട്ടത്. കാർ വാങ്ങാൻ വന്നയാളായാണ് ഷഫീർ അശ്വന്തിന്റെ അടുത്തെത്തിയത്. തുടർന്ന് കാർ ഓടിച്ചു നോക്കുക എന്ന വ്യാജേന എടുത്തു കൊണ്ടുപോകുകയായിരുന്നു. ഫെബ്രുവരി മാസമാണ് അശ്വന്തിന് കാറ് നഷ്ടമായത്.
അശ്വന്തിന്റെ പരാതിയിൽ അന്വേഷണം നടത്തി വടകരയിൽ എത്തിയ പോലീസിന് ഷെരീഫ് തൃശ്ശൂർ കയ്പമംഗലത്താണ് താമസം എന്ന് മനസ്സിലായി. തുടർന്ന് പോലീസ് കയ്പമംഗലത്തെ വീട്ടിൽ എത്തിയെങ്കിലും, ഇയാൾക്ക് ഇപ്പോൾ വീടുമായി ഒരു ബന്ധവും ഇല്ലെന്നാണ് ഭാര്യയും ബന്ധുക്കളും പറഞ്ഞത്. തുർന്നുള്ള അന്വേഷണത്തിലാണ് വാടക വീട്ടിൽ നിന്ന് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
ഇയാളുടെ പേരിൽ വേറെയും നിരവധി വാഹന തട്ടിപ്പു കേസുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്ക് അന്തർ സംസ്ഥാന വാഹനമോഷണ സംഘങ്ങളുമായി ബന്ധമുണ്ട് എന്ന സംശയത്തിലാണ് പോലീസ്. കൊയിലാണ്ടിയിൽ എത്തിച്ച പ്രതിയെ ഇനി വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.