അരിക്കുളത്തുനിന്ന് മുഖ്യമന്ത്രിക്ക് ലച്ചുവിന്റെ കത്ത്; ഞങ്ങൾ ഇവിടെ കളിച്ചോട്ടെ?


അരിക്കുളം: നിടുംപൊയിൽ ബികെനായർ മെമ്മോറിയൽ യുപി സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന അരിക്കുളം സ്വദേശി ലച്ചു എന്ന് വിളിക്കുന്ന ധ്യാന,അവളും കൂട്ടുകാരും കളിച്ചുവരുന്ന കളിസ്ഥലം സംരക്ഷിച്ചു കിട്ടാൻ മുഖ്യമന്ത്രി ക്ക് കത്തെഴുതി അനുകൂല തീരുമാനം കാത്തിരിക്കുന്നു. അരിക്കുളം
പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം പണിയാൻ തീരുമാനിച്ചിരിക്കുന്നത് ലച്ചുവിന്റെ വീടിനോട് ചേർന്നുള്ള കനാൽ പുറമ്പോക്ക് ഭൂമിയിൽ ആണ്.

അരിക്കുളത്തെ ഭാവന ഗ്രന്ഥശാലക്കും ബസ്‌സ്റ്റോപ്പിനും സൗജന്യമായി സ്ഥലം വിട്ടുനൽകുകയും പൊതു കിണർ കുഴിച്ചു നൽകുന്നതുൾപ്പെടെയുള്ള സേവനങ്ങളും ചെയ്തിട്ടുള്ള പഞ്ചായത്ത്‌ മെംബറും സർവീസ് ബാങ്ക് പ്രസിഡൻ്റുമായിരുന്ന പള്ളിക്കൽ ബാലകൃഷ്ണന്നായരുടെ പേര മകൾ ആണ് ലച്ചു എന്നു വിളിക്കുന്ന ധ്യാന. കളിമൈതാനങ്ങളോ പൊതു സ്ഥലങ്ങളോ ഇല്ലാത്ത അരിക്കുളത്ത് കുട്ടികളും മുതിർന്നവരും കായിക വിനോദത്തിനും ഒത്തുകൂടലുകൾക്കും ആശ്രയിക്കുന്ന ഏക സ്ഥല മാണിത്. അരിക്കുളം എൽപി സ്കൂളും അങ്കണവാടിയും ഇതിനടുത്തു മാണ്.

ജനങ്ങളുടെ എതിർപ്പും ഗ്രാമസഭ പ്രമേയവും പരിഗണിക്കാതെ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള പഞ്ചായത്ത്‌ നീക്കത്തിനെതിരെ ജനകീയ കർമസമിതി യുടെ ശക്തമായ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കെ യാണ് പ്രസ്തുത സ്ഥലത്തിനടുത്ത് താമസിക്കുന്ന പള്ളിക്കൽ ദിലീപ് കുമാറിന്റെയും ബിജിനയുടെയും മകളായ ലച്ചു എന്ന് വിളിക്കുന്ന ധ്യാന മുഖ്യമന്ത്രിയിൽ പ്രതീക്ഷ അർപ്പിച്ചു കാത്തിരിക്കുന്നത്.

ജനങ്ങൾക്ക് പ്രയാസമില്ലാത്ത വിധം മാലിന്യ സംഭരണ കേന്ദ്രം പണിയാൻ പറ്റിയ മറ്റു സ്ഥലങ്ങൾ ഉണ്ടായിട്ടും ജനങ്ങൾ അനുഭവിച്ചുവരുന്ന പരിമിതമായ സൗകര്യങ്ങൾ ഇല്ലാതാക്കാനുള്ള പഞ്ചായത്ത് നീക്കത്തെ ശക്തമായി പ്രതിരോധിക്കാൻ സർവകക്ഷി പ്രാതിനിധ്യമുള്ള ജനകീയ കർമ സമിതി പ്രവർത്തിച്ചു വരികയാണ്. ഈ പരിമിതമായ സ്ഥലത്ത് കായിക പരിശീലനം നടത്തിയാണ് അടുത്ത കാലത്തായി ഈ പ്രദേശത്തെ പന്ത്രണ്ടോളം യുവാക്കൾക്ക് വിവിധ സേനകളിൽ ജോലി കിട്ടിയിട്ടുള്ളത് എന്നും വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷക്കടക്കം തയ്യാറെടുക്കുന്ന അരിക്കുളത്തെ യുവതികൾക്ക് കായിക പരിശീലനം നടത്താൻ മറ്റൊരു ഇടവും ഇല്ലെന്നും കർമസമിതി വ്യക്തമാക്കുന്നു.