മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ ആറ് പേർ കോവിഡ് ബാധിച്ച് മരിച്ചു


കണ്ണൂർ: മുംബൈയില്‍ സ്ഥിരതാമസമാക്കിയ പരിയാരം സ്വദേശികളായ ഒരു കുടുംബത്തിലെ ആറ് പേര്‍ 35 ദിവസത്തിനിടെ കൊവിഡ് ബാധിച്ച്‌ മരിച്ചു. പടിഞ്ഞാക്കര പി.കെ. പോളിന്റെ ഭാര്യ സെലീന (88), മക്കളായ വത്സ (64), ഗ്രേസി (62), ജോളി (58), വത്സയുടെ മകന്‍ ടോണി (36), പോളിന്റെ സഹോദരന്‍ ദേവസിക്കുട്ടി (86) എന്നിവരാണു മരിച്ചത്.

ഏപ്രില്‍ 8 മുതല്‍ മേയ് 12 വരെയുള്ള ദിവസങ്ങളിലായിരുന്നു ഇവരുടെ മരണം. കൊട്ടേക്കാട് പല്ലന്‍ പൊറിഞ്ചുവിന്റെ ഭാര്യ വത്സ ഏപ്രില്‍ 8നാണ് മരിച്ചത്. 16നു ടോണിയും 22നു ദേവസിക്കുട്ടിയും പുതുക്കാട് പുളിക്കന്‍ വില്‍സന്റെ ഭാര്യ ഗ്രേസി 24 നും മരിച്ചു. 5നായിരുന്നു സെലീനയുടെ മരണം. ജോളി മരിച്ചത് 12 നും. എല്ലാവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, മരുന്ന് ലഭ്യമായിരുന്നില്ലെന്നാണ് നാട്ടില്‍ ലഭിച്ച വിവരമെന്ന് പരിയാരത്തുള്ള ബന്ധുക്കള്‍ പറഞ്ഞു. വാക്സിനും ലഭിച്ചിരുന്നില്ല.

വത്സയുടെയും ഗ്രേയ്‌സിയുടെയും ഭര്‍ത്താക്കന്മാര്‍ക്കും മകന്‍ ജോളിയുടെ ഭാര്യ റീനയ്ക്കും ഇവരുടെ മകന്‍ റോണിക്കും കൊവിഡ് ബാധിച്ചിരുന്നു. ഇവരുടെ രോഗം ഭേദമായി. മുംബൈയില്‍ അടുത്തടുത്തായാണ് ഇവരെല്ലാം താമസം. ടോണിക്കാണ് ആദ്യം കൊവിഡ് വന്നത്. പിന്നീട് മറ്റുള്ളവര്‍ക്കും. മുംബൈയില്‍ സ്ഥിര താമസമായതിനാല്‍ സംസ്‌കാരവും അവിടെത്തന്നെ നടത്തി.