മീനങ്ങാടി ഹൈവേ കവര്‍ച്ചാ ക്വട്ടേഷന്‍ സംഘത്തിലെ ഒരു പ്രധാനി കൂടി അറസ്റ്റില്‍: പിടിയിലായത് പന്തലായനി സ്വദേശി അമല്‍


കൊയിലാണ്ടി: സ്വര്‍ണവും പണവുമായി വരുന്നവവരെ വാഹനത്തില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്ന ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. കൊയിലാണ്ടി പന്തലായനി പൂക്കാട്ടുപറമ്പില്‍ അമല്‍ ആണ് അറസ്റ്റിലായത്.

ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അമല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊയിലാണ്ടി സ്റ്റേഷനില്‍ പതിമൂന്ന് ക്രിമിനല്‍ കേസുകളാണ് അമലിന്റെ പേരിലുള്ളതെന്ന് മീനങ്ങാടി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. വധശ്രമമടക്കമുള്ള കേസുകളില്‍ പ്രതിയായ ഇയാള്‍ ഏറെക്കാലം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ആയോധനകലകളില്‍ പ്രാവീണ്യംനേടിയ ഇയാള്‍ കുറ്റകൃത്യങ്ങളില്‍ നിരന്തരമായി ഇടപെടുന്നുണ്ടെന്നും ലഹരിയുപയോഗിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. പൂനൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ തന്ത്രപരമായ നീക്കത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സംഘത്തിലെ നാലുപേര്‍ കൂടി അറസ്റ്റിലാവാനുണ്ട്. കേസില്‍ മുമ്പ് അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. കൊയിലാണ്ടി അരീക്കല്‍ മീത്തല്‍ അഖില്‍ ചന്ദ്രന്‍ (29), ഉള്ളിയേരി കുന്നത്തറ പടിഞ്ഞാറെ മീത്തല്‍ നന്ദുലാല്‍ (22), ഉള്ളിയേരി കുന്നത്തറ വല്ലിപ്പടിക്കല്‍ മീത്തല്‍ അരുണ്‍ കുമാര്‍ (27), വയനാട് സ്വദേശികളായ മൂപ്പൈനാട് നെടുങ്കരണ കുയിലന്‍വളപ്പില്‍ സക്കറിയ (29), തോമാട്ടുചാല്‍ വേലന്‍മാരിത്തൊടിയില്‍ പ്രദീപ് കുമാര്‍ (37) എന്നിവരാണ് അറസ്റ്റിലായത്.

കാര്യമ്പാടിയില്‍ സംശയാസ്പദമായി കണ്ടെത്തിയ കാറിനെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് കവര്‍ച്ചാസംഘത്തിലെത്തിയത്. മൈസൂരു, ബെംഗളൂരു ഭാഗത്തുനിന്ന് സ്വര്‍ണം, പണം എന്നിവയുമായി വരുന്നവരെ പിന്തുടര്‍ന്ന് കവര്‍ച്ചനടത്തുന്ന സംഘമാണിതെന്ന് പോലീസ് പറഞ്ഞു.