‘മിന്നല്‍ റോബിന്‍ നമ്മുടെ ഹീറോ’; കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് കുരുന്നുകളെ രക്ഷിച്ച പതിനൊന്നുകാരനെ അനുമോദിച്ച് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ


പേരാമ്പ്ര: കാട്ടുപന്നിയില്‍ നിന്നും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച് നാടിന്റെ അഭിമാനമായി മാറിയ മേപ്പയ്യൂര്‍ സ്വദേശി റോബിനെ അഭിനന്ദിച്ച് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ. മിന്നല്‍ റോബിന്‍ എന്നാണ് കുട്ടിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ബേസില്‍ ജോസഫിന്റെ ഏറ്റവും പുതിയ സിനിമയിലെ കഥാപാത്രമായ മിന്നല്‍ മുരളിയ നാട്ടുകാരെ സാഹസികമായി രക്ഷപ്പെടുത്തിയത് പോലെ റോബിനും
ഒന്നര വയസ്സകാരായ കുരുന്നുകളെ സാഹസികമായി മല്ലിട്ടാണ് രക്ഷപ്പെടുത്തിയത്. പതിനൊന്നുകാരനായ റോബിന്‍ നമ്മുടെ ഹീറോയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

മിന്നൽ റോബിൻ ❤️
വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയാണ് കാട്ടുപന്നി ആക്രമണത്തിൽ നിന്നും പതിനൊന്നുകാരനായ നമ്മുടെ സൂപ്പർ ഹീറോ റോബിൻ രക്ഷിച്ചത്. പേരാമ്പ്ര മേപ്പയൂർ കൂനംവെള്ളിക്കാവിലാണ് പേരാമ്പ്രക്കാരുടെ ഹീറോ റോബിൻ അമ്മാവന്റെ മക്കളായ ഒന്നര വയസ്സുള്ള ഇരട്ടക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയത്. മൽപ്പിടുത്തത്തിലൂടെയാണ് റോബിൻ പന്നിയെ കീഴ്പ്പെടുത്തി ഓടിച്ചത്. കാട്ടുപന്നി തിരിഞ്ഞോടുന്നതിനിടയിൽ കുഞ്ഞുറോബിന്റെ കാൽമുട്ടിൽ ഇടിക്കുകയും ചെയ്തു. കാലിന് പരിക്കുപറ്റി ആശുപത്രിയിൽ പോകേണ്ടി വന്നെങ്കിലും കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് റോബിൻ. കൽപ്പത്തൂർ എയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ റോബിന് അഭിനന്ദനങ്ങൾ.

വീട്ടില്‍ വിരുന്നു വന്ന അമ്മാമനായ രജീഷിന്റെയും അതുല്യയുടെയും മക്കളായ ഒന്നരവയുള്ള ആഷ്മിയേയും ആഷ്മികയേയുമാണ് റോബിന്‍ കാട്ടുപന്നിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചക്ക് 11.30 യോടെയാണ് സംഭവം. അതിവേഗത്തില്‍ ഓടി വന്ന കാട്ടുപന്നി നേരെ വീട്ടിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഈ സമയത്ത് കുട്ടികള്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. അതുല്യയും രതീഷിന്റെ ഭാര്യ രജിലയും വീടിന് പിന്‍വശത്തായിരുന്നു.

പന്നിയെ കണ്ട റോബിന്‍ ധൈര്യത്തോടെ വീട്ടിനകത്തേക്ക് കയറുകയും പന്നിയെ കുട്ടികളുടെ അടുത്തു നിന്നും മല്‍പിടുത്തത്തിലൂടെ ഓടിക്കുകയുമായിരുന്നു. വീടിന്റെ ഉള്‍വശം ടൈലിട്ടിരുന്നതിനാല്‍ വഴുതി വീണ കാട്ടുപന്നി റോബിന്റെ മുട്ടിന് ഇടിച്ച് പുറത്തേക്കോടുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി കാട്ടു പന്നിയുടെ പിന്നാലെ ഓടിയെങ്കിലും പന്നി കാട്ടുപൊന്തയിലേക്ക് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ റോബിനെ മേപ്പയൂര്‍ പി.എച്ച്.സിയില്‍ എത്തിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ നല്‍കിയ ശേഷം പിന്നീട് റോബിനെ വീട്ടിലേക്ക് വിട്ടു.

മേപ്പയൂര്‍ ടൗണിലെ ഓട്ടോ ഗുഡ്സിന്റെ ഡ്രൈവറായ രതീഷിന്റെയും രജിലയുടെയും മകനാണ് റോബിന്‍. പിഞ്ചു കുട്ടികളെ പന്നിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ റോബിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.