മിന്നല്‍ പരിശോധനയില്‍ ബാലുശ്ശേരി പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിന് നൂറില്‍ നൂറ്; ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസ് (വീഡിയോ കാണാം)
ബാലുശ്ശേരി: ബാലുശ്ശേരി പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മിന്നല്‍ പരിശോധന. ബാലുശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങുമ്പോഴാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റെസ്റ്റ് ഹൗസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്.
റെസ്റ്റ് ഹൗസിന്റെ പരിസരവും മുറികളും മന്ത്രി പരിശോധിച്ചു. പിന്നിലെ ഓവുചാലും കിച്ചണും പരിശോധിച്ച മന്ത്രി തഴത്തെയും മുകളിലത്തെയും മുറികളും കോണ്‍ഫറന്‍സ് ഹാളും തുറന്ന് പരിശോധിച്ചു.
പരിസരവും മുറികളും എല്ലാം വൃത്തിയോടെ നല്ല നിലയില്‍ സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ തൃപ്തനായ മന്ത്രി മുഹമ്മദ് റിയാസ് ജീവനക്കാരനായ സി. സുരേന്ദ്രനെ അഭിനന്ദിക്കാനും മറന്നില്ല. സുരേന്ദ്രനെ കൂടാതെ സുരേന്ദ്രക്കുറുപ്പും ഇവിടെ വാച്ച്മാന്മാരായുണ്ട്. 20 വര്‍ഷമായി ഇവര്‍ ദിവസവേതനത്തില്‍ ജോലി ചെയ്തുവരുകയാണ്. ഒരു എ.സി മുറിയടക്കം ആറ് മുറികളാണ് ഇവിടെയുള്ളത്.
ഓണ്‍ലൈന്‍ ബുക്കിങ് വഴി മുറികള്‍ പൊതുജനങ്ങള്‍ക്ക് വാടകക്ക് കൊടുക്കാന്‍ തീരുമാനിച്ചതോടെ കഴിഞ്ഞ മാസം മാത്രം 34 പേരാണ് ഇവിടെ താമസിക്കാനെത്തിയത്. റെസ്റ്റ് ഹൗസ് സംരക്ഷണത്തില്‍ സംതൃപ്തനായ മന്ത്രി ഇങ്ങനെ തന്നെ സംരക്ഷിച്ചുകൊണ്ടുനടക്കണമെന്ന് ജീവനക്കാരനായ സുരേന്ദ്രനെ ഉപദേശിച്ചശേഷമാണ് മടങ്ങിയത്. കെ.എം. സചിന് ദേവ് എം.എല്‍.എ, ഇസ്മായില്‍ കുറുമ്ബൊയില്‍, പി.ഡബ്ല്യൂ.ഡി ഓവര്‍സിയര്‍ പ്രജീഷ്ലാല് എന്നിവരും ഒപ്പമുണ്ടായിരുന്നു.