മിഠായിത്തെരുവിലെ തീപിടുത്തം: ആളപായമില്ല; തീയണച്ചു


കോഴിക്കോട്: മിഠായിത്തെരുവിലെ ചെരുപ്പകടയിലെ തീയണച്ചു. മൊയ്തീന്‍പള്ളി റോഡിനടുത്ത് കോട്ടപ്പറമ്പ് ആശുപത്രിയ്ക്ക് പിന്‍വശത്തായി ഒയാസിസ് കോംപ്ലെക്‌സ് എന്ന കെട്ടിടസമുച്ചയത്തിന്റെ ഭാഗമായിട്ടുള്ള വി.കെ.എം ബില്‍ഡിങ്ങിലെ മൂന്നാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ചെരുപ്പുകള്‍ സൂക്ഷിക്കുന്ന കടമുറിയാണിത്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മീഞ്ചന്ത ബീച്ച് സ്റ്റേഷനുകളില്‍ നിന്ന് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകടം നടക്കുന്ന സമയത്ത് 15 ഓളം പേര്‍ മൂന്നാംനിലയില്‍ ഉണ്ടായിരുന്നതായി ആ സമയത്ത് പ്രദേശത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ഇതില്‍ രണ്ടുപേര്‍ കടമുറിയ്ക്കുള്ളിലാണ് ഉണ്ടായിരുന്നത്. ഇവരെയുള്‍പ്പെടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.

ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപ്പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ കാരണം വ്യക്തമാകൂവെന്ന് റീജയണല്‍ ഫയര്‍ ഓഫീസര്‍ ടി. രാജേഷ് പറഞ്ഞു.

അപകടമുണ്ടായ സാഹചര്യത്തില്‍ മിഠായിത്തെരുവില്‍ വീണ്ടും ഫയര്‍ ഓഡിറ്റ് നടത്തുമെന്നും നിലവിലെ അഗ്നിരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.