മികവിന്റെ പാതയില്‍ പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിലെ നാലു വിദ്യാര്‍ഥികള്‍; അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി


പേരാമ്പ്ര: ദേശീയ മത്സരപരീക്ഷകളില്‍ മികവിന്റെ പടി ചവിട്ടി പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിലെ വിദ്യാര്‍ഥികള്‍. ഐഐടി പ്രവേശനം നേടിയ നാല് വിദ്യാര്‍ഥികളെ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സെന്ററില്‍ നിന്ന് പരിശീലനം നേടിയ നാലുപേര്‍ക്കാണ് രാജ്യത്തെ വിവിധ ഐഐടികളില്‍ പ്രവേശനം ലഭിച്ചത്. പ്രവേശനം നേടിയ ടി പി നുസൈബത്, പ്രിയ കാവേരി, അന്നാ മരിയ, ജസീം എന്നിവരെയും അധ്യാപകന്‍ വിനോദ് കുമാറിനെയുമാണ് മന്ത്രി അഭിനന്ദിച്ചത്.

2017ല്‍ മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ മുന്‍കൈയെടുത്താണ് പേരാമ്പ്രയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ ആരംഭിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ കരിയര്‍ ഗൈഡന്‍സ് സെന്ററാണിത്. ധനുഷ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് പരിശീലനത്തിന് ചേര്‍ന്നത്. കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോളജിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, എക്കണോമിക്‌സ് എന്നീ വിഷയങ്ങളിലാണ് പരിശീലനം.

സെന്ററില്‍നിന്ന് ജാം പ്രവേശന പരീക്ഷ എഴുതിയ 19 പേര്‍ പാസായി. ഇതില്‍ ഉയര്‍ന്ന റാങ്കിലുള്ള നാല് പേര്‍ക്കാണ് ഐഐടി പ്രവേശനം ലഭിച്ചത്. ബാക്കിയുള്ളവര്‍ എന്‍ഐടി, ഐസര്‍ തുടങ്ങിയവയില്‍ പ്രവേശനം കാത്തിരിക്കയാണ്. പൂര്‍ണമായും സൗജന്യമായാണ് പരിശീലനം. പേരാമ്പ്ര മാതൃകയില്‍ കൂടുതല്‍ ജില്ലകളില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ മുഖേന ധനുഷ് പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.