മികച്ച പി.ടി.എ പ്രസിഡണ്ടിനുള്ള സംസ്ഥാന പുരസ്കാരം കളത്തിൽ ബിജുവിന്
പയ്യോളി: സംസ്ഥാനത്തെ മികച്ച പി.ടി.എ പ്രസിഡണ്ടിനുള്ള അവാർഡ് കളത്തിൽ ബിജുവിന്. പയ്യോളി ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡണ്ടാണ് ബിജു. ഹയർ സെക്കന്ററി തലത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ പി.ടി.എ ക്കുള്ള അവാർഡ് പയ്യോളി ഹയർ സെക്കന്ററി സ്കൂളിനും ലഭിച്ചു. അഞ്ച് ലക്ഷം രൂപയും സി.എച്ച്.മുഹമ്മദ് കോയ എവർറോളിംഗ് ട്രോഫിയും പ്രശസ്ത്രി പത്രവുമാണ് സ്കൂളിന് ലഭിക്കുക. 15 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് ഏറ്റുവാങ്ങും.
സാമൂഹ്യ പ്രവർത്തകനായ ബിജു കളത്തിൽ സി.പി.ഐ.എം തിക്കോടി ലോക്കൽ കമ്മറ്റി സെക്രട്ടറി എന്ന നിലയിൽ പൊതുമണ്ഡലങ്ങളിലും സജീവമാണ്. ഭാര്യ രഞ്ജിനി പാലൂർ എൽ.പി സ്കൂൾ അധ്യാപികയാണ്. നക്ഷത്ര, നയൻ തേജ് എന്നിവരാണ് മക്കൾ.
2019-20 അദ്ധ്യയന വർഷത്തിൽ പി.ടി.എ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളാണ് അവാർഡിന് അർഹമാക്കിയത്. കേരള സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിൻ്റെ ഭാഗമായുള്ള സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ ഫണ്ട് സമാഹരണം നടത്തി സ്കൂൾ വികസനത്തിനായി ശക്തമായ ഇടപെടലുകളാണ് ബിജുവിന്റെ നേതൃത്വത്തിലുള്ള പി.ടി.എ നടത്തിയത്.
സ്കൂളിലെ ഭിന്നശേഷിക്കാരായ 30 വിദ്യാർഥികളെയും അവരുടെ അമ്മമാരെയും കൂട്ടി തിരുവനന്തപുരത്തേക്ക് വിമാനത്തിൽ യാത്ര സംഘടിപ്പിക്കുകയുണ്ടായി. കിടപ്പിലായ കുട്ടികൾവരെ ഇതിൽപ്പെടും. അവിടെ ഗവർണർ ഉൾപ്പെടെയുള്ളവരെ സന്ദർശിച്ചു. ഓരോ വിദ്യാർഥികളുമായും ഗവർണർ സംസാരിച്ചത് അവിസ്മരണീയ അനുഭവമായിരുന്നെന്ന് ബിജു പറഞ്ഞു.
കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന 57 വിദ്യാർഥികൾക്ക് ടി.വി.യും 30 കുട്ടികൾക്ക് ഫോണും നൽകി. തോട്ടിൽ സ്ഥാപിച്ച കോൺക്രീറ്റ് കാലിൽ ഷെഡ്ഡ്‌കെട്ടി കഴിഞ്ഞ വിദ്യാർഥിക്ക് വീട് നിർമ്മിച്ചു നൽകുന്നു. മികച്ച വിജയത്തിനായി 40 വിദ്യാർഥികൾക്ക് പത്താംക്ലാസ് പഠനത്തിന് സ്കൂളിൽ വീടൊരുക്കി.
ഭൗതിക സാഹചര്യങ്ങൾ വർധി പ്പിക്കാനായി ഒരുകോടി 40 ലക്ഷം രൂപ സമാഹരിച്ചുകൊണ്ട് സ്കളിൽ സയൻസ് ലാബ് ഉൾപ്പെടെ 17 പദ്ധതികൾ പൂർത്തിയാക്കി. നിർമാണം പൂർത്തിയാകുന്ന നാല്‌നില കെട്ടിടത്തിലേക്കുള്ള ഫർണിച്ചറിനായി ബിരിയാണി ഫെസ്റ്റ് നടത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പിടിഎ.